ഗ്രേറ്റ് ഫാദറിലെ സംഗീതം ഗോപി സുന്ദർ കോപ്പിയടിച്ചതോ?

ഗ്രേറ്റ് ഫാദർ സിനിമയുടെ മോഷൻ പോസ്റ്റർ യുട്യൂബിൽ തരംഗമാകുമ്പോൾ സംഗീത സംവിധാനം ചെയ്ത ഗോപി സുന്ദർ കടുത്ത വിമർശനമാണ് നേരിടുന്നത്. പോസ്റ്ററിനൊപ്പമുള്ള സംഗീതം ഗോപി സുന്ദർ‌ കോപ്പിയടിച്ചുവെന്നാണ് ആരോപണം. റെഡ് വൈൻ സിനിമയിൽ ബിജിബാൽ തയ്യാറാക്കിയ സംഗീതമാണ് ഈ ചിത്രത്തിൽ ഗോപി സുന്ദർ ഉപയോഗിച്ചതെന്നാണ് വിമർശകർ പറയുന്നത്. നിരവധി ട്രോളുകളും വിഡിയോകളുമെല്ലാം ഇതേസംബന്ധിച്ച് പുറത്തിറങ്ങി. 

വിമർശകര്‍ക്കുള്ള മറുപടി അല്ല എന്ന് പറയുന്നുണ്ടെങ്കിലും ഗോപി സുന്ദറിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റും ആളുകൾ കോപ്പിയടി വിവാദവുമായി ബന്ധപ്പെടുത്തി ചർച്ചയാക്കുകയാണ്. "എല്ലാ ആഴ്ചയും ഓരോ ചിത്രങ്ങൾക്കായി താൻ കരാറൊപ്പിടുന്നുണ്ട്. വിമർശകർക്ക് ഇതേ സംബന്ധിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ഗോപി സുന്ദറിന്റെ ചോദ്യം." ഫെയ്സ്ബുക്കിലെ കുറിപ്പിനു താഴെ നിരവധി കമന്റുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തുന്നത്. 

മലയാളത്തിലെ സംഗീത സംവിധായകർക്കിടയിൽ ഏറ്റവുമധികം വിമർശനം നേരിടുന്നവരിൽ ഒരാളാണ് ഗോപീ സുന്ദർ. സംഗീതം കോപ്പിയടിക്കുന്നുവെന്നാണ് അതിൽ പ്രധാനം. പോയ മൂന്നു വർഷങ്ങളിലും ഏറ്റവുമധികം സിനിമകൾക്ക് ഈണമിട്ട സംവിധായകനും അദ്ദേഹം തന്നെയാണ്. തന്റെ ആത്മവിശ്വാസവും എളുപ്പം സംഗീതമിടുന്ന രീതിയുമാണ് സിനിമയിൽ ഇടം നേടാൻ സഹായിച്ചതെന്ന് പല അഭിമുഖങ്ങളിൽ ഗോപീ സുന്ദർ പറഞ്ഞിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ പുലിമുരുകൻ എന്ന ചിത്രത്തിൽ നൽ‌കിയ സംഗീതമാണ് ഏറെ പ്രശസ്തി നേടിയത്. 1983 എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട് ഗോപി സുന്ദർ.