കണ്ണൂർ രാജന്റെ ‘തടവിൽ’ പാട്ടുപരിശീലനം; താമസിയാതെ ജയിൽ ഓർക്കസ്ട്ര

പൂജപ്പുര, വിയ്യൂർ ജയിലുകളിലേക്ക് പുത്തനൊരു പരിഷ്കാരം കൂടി എത്തുകയാണ്, കണ്ണൂരിൽ നിന്ന്. പേര് കണ്ണൂർ രാജൻ. ഒൻപതു കൊല്ലമായി കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നു.

വോക്കലിനൊപ്പം കീ ബോർഡ്, ഗിറ്റാർ, വയലിൻ, ജാസ് ഡ്രം തുടങ്ങിയ സംഗീത ഉപകരണങ്ങളിലും രാജൻ പരിശീലനം നൽകും. തലസ്ഥാനത്തെ ജയിലുകളിൽ എത്തിച്ചേരാൻ വൈകിയെന്നേയുള്ളൂ. കണ്ണൂർ രാജന്റെ തടവിലെ ശിഷ്യൻമാർ പലരും ഇന്ന് പേരെടുത്ത സംഗീതാധ്യാപകരാണ്. ഇക്കഴിഞ്ഞ 13ന് പൂജപ്പുര ജയിലിൽ ജയിൽ സൂപ്രണ്ട് സാം തങ്കച്ചൻ രാജന്റെ സംഗീത ക്ലാസ് ഉദ്ഘാടനം ചെയ്തു.

ആദ്യ ക്ലാസിലെ ഹാജർ നില മോശമായില്ല. നാൽപത് വിദ്യാർഥികൾ. ഒരു ജയിൽ ഓർക്കസ്ട്ര രൂപീകരിക്കുകയാണ് രാജന്റെ ലേറ്റസ്റ്റ് സ്വപ്നം മറ്റൊന്നു കൂടി പറയേണ്ടതുണ്ട്. രാജൻ നേമം സ്വദേശിയാണ്. പേരിന്റെ തുമ്പിലൊരു കണ്ണൂർ ഘടിപ്പിച്ച്, ഭാര്യ ശാന്തിക്കും മക്കൾക്കുമൊപ്പം കണ്ണൂരിൽ സ്ഥിര താമസമാക്കിയെന്നേയുള്ളൂ.