ജാനറ്റ് ജാക്‌സൺ അൾട്ടിമേറ്റ് ഐക്കൺ

മൈക്കിൾ ജാക്‌സണിന്റെ സഹോദരി ജാനറ്റ് ജാക്‌സണിന് 2015 ബിഇടി അൾട്ടിമേറ്റ് ഐക്കൺ പുരസ്‌കാരം. കഴിഞ്ഞ ദിവസം നടന്ന ബിഇടി പുരസ്‌കാരദാന ചടങ്ങിൽ വച്ചാണ് പോപ്പ് ലോകത്തെ അൾട്ടിമേറ്റ് ഐക്കണായി ജാനറ്റിനെ തിരഞ്ഞെടുത്തത്. അമേരിക്കയിലെ ബ്ലാക്ക് എന്റർടൈൻമെന്റ് ടെലിവിഷൻ നെറ്റ് വർക്ക്, മ്യുസിക്ക്, സ്‌പോർട്ട്‌സ്, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച കറുത്തവർഗക്കാർക്ക് നൽകുന്ന പുരസ്‌കാരമാണ് ബിഇടി പുരസ്‌കാരം. 2001 മുതൽ നൽകി വരുന്ന പുരസ്‌കാരമാണ് ബിഇടി. ബിയോൺസ്, ക്രിസ് ബ്രൗൺ, ജോൺ ലെജന്റ്, നിക്കി മിനാജ്, കെൻഡ്രിക്ക് ലാമർ തുടങ്ങിയവർക്കും ഈ വർഷത്തെ ബിഇടി പുരസ്‌കാരം ലഭിച്ചു. 

പോപ്പ് താരമായ ജാനറ്റ് ജാക്‌സണ് കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ഗാനം നോ സ്ലീപ്പ് പുറത്തിറക്കിയത്.  അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജാനറ്റ് ഒരു ഗാനം പുറത്തിറക്കുന്നത്. 2010 ൽ വൈ ഡിഡ് ഐ ഗെറ്റ് മാരിഡ് റ്റൂ? എന്ന ചിത്രത്തിന് വേണ്ടി പുറത്തിറക്കിയ നത്തിങ് എന്ന ഗാനമായിരുന്നു ജാനറ്റ് അവസാനമായി പുറത്തിറക്കിയ സിംഗിൾ. ജാനറ്റ് ജാക്‌സൺ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറക്കുന്ന ആൽബത്തിലെയാണ് നോ സ്ലീപ്പ് എന്ന ഗാനമെന്നും, പേരിട്ടില്ലാത്ത ആൽബം ഈ വർഷം അവസാനം പുറത്തിറങ്ങുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 2008 ൽ പുറത്തിറക്കിയ ഡിസ്പ്ലിനായിരുന്നു ജാനറ്റിന്റെ അവസാന ആൽബം. 

മൈക്കിൾ ജാക്‌സണിന്റെ ഇളയ സഹോദരിയായ ജാനറ്റ് ജാക്‌സൺ, ദ ജാക്‌സൺ 5 എന്ന സംഘത്തിലൂടെയാണ് സംഗീതത്തിലേയ്ക്ക് എത്തുന്നത്. എഴുപതുകളിലെ പ്രശസ്ത ടിവി പരമ്പരയായ ദ ജാക്‌സൺസിലൂടെ പ്രശസ്തയായ ജാനറ്റ് 1982 ൽ ആദ്യ ആൽബം ജാനറ്റ് ജാക്‌സൺ പുറത്തിറക്കി. ആദ്യ ആൽബം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചതോടെ പോപ്പ് താരമായി വളർന്ന ജാനറ്റ്, തുടർന്ന് 1984 ൽ ഡ്രീം സ്ട്രീറ്റ്, 1986 ൽ കൺട്രോൾ, 1989 ൽ ജാനറ്റ് ജാക്‌സൺസ് റിഥം നേഷൻ, 1993 ൽ ജാനറ്റ്, 1997 ൽ ദ വെൽവെറ്റ് റോപ്പ്, 2001 ൽ ഓൾ എബൗട്ട് യു, 2004 ൽ ഡാമിറ്റ ജോ, 2006 ൽ 20 വൈ. ഒ, 2008 ൽ ഡിസ്പ്ലിൻ തുടങ്ങിയ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 

പീഢനങ്ങൾക്കെതിരേയും, സാമൂഹിക അസമത്വങ്ങൾക്കെതിരെയുമെല്ലാമുള്ള വരികളുടെ പേരിൽ പ്രശസ്തയാണ് ജാനറ്റ്. ലോകത്താകമാനം 160 ദശലക്ഷം ഗാനങ്ങൾ ജാനറ്റിന്റേതായി വിറ്റിട്ടുണ്ട്. ഏറ്റവും അധികം തവണ അടുപ്പിച്ച് ബിൽബോർഡ് ഹോട്ട്100 ലിസ്റ്റിന്റെ ടോപ്പ് 10 ൽ ഗാനങ്ങൾ എത്തിച്ചിട്ടുള്ള റിക്കോർഡും ജാനറ്റിന്റെ പേരിലാണ്. ലോകത്ത് ഏറ്റവും അധികം പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള പോപ്പ് ഗായികമാരിൽ ഒരാളായ ജാനറ്റിന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം 12 പ്രാവശ്യവും, ബിൽബോർഡ് പുരസ്‌കാരം 33 പ്രാവശ്യവും, ഗ്രാമി പുരസ്‌കാരം 6 പ്രാവശ്യവും ലഭിച്ചിട്ടുണ്ട്.