"സ്റ്റൈൽ" പാട്ടുകളുമായി ജാസീ ഗിഫ്റ്റ് മടങ്ങിവരുന്നു

ജാസീ ഗിഫ്റ്റെന്ന സംഗീത സംവിധായകനും അയാളുടെ പരുപരുത്ത ശബ്ദവും ഇന്നും നമ്മുടെ മനസിലില്ലേ.,.. ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ...എന്നു തുടങ്ങുന്ന ജാസീ ഗിഫ്റ്റ് ഗാനം ഇപ്പോഴും നമ്മൾ പാടുന്നില്ലേ. ഉണ്ട്. പക്ഷേ മനസിലപ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. ജാസീ ഗിഫ്റ്റ് എന്തുകൊണ്ട് പിന്നീട് മലയാളത്തിൽ സജീവമായില്ലെന്ന്. ആ സങ്കടത്തിനുള്ള സന്തോഷകരമായ ഒരു മറുപടിയാണ് സ്റ്റൈൽ എന്ന പുതിയ ചിത്രം തരുന്നത്. സ്റ്റൈൽ എന്ന ഉണ്ണിമുകുന്ദൻ ചിത്രത്തിന്റെ സംഗീത സംവിധാനം ജാസീ ഗിഫ്റ്റ്. മടങ്ങിവരവിൽ ജാസീ ഗിഫ്റ്റ് ഗംഭീരമാക്കുമെന്ന് പ്രതീക്ഷിക്കാം.

മലയാള ചലച്ചിത്ര സംഗീതത്തിലെ സമവാക്യങ്ങളെ തിരുത്തിക്കുറിച്ച ഗാനമായിരുന്നു ലജ്ജാവതി. പ്രശസ്തിയിലേക്ക് വളെര പെട്ടെന്നാണ് ജാസീ ഗിഫ്റ്റ് കുതിച്ചത്. പാട്ടിന്റെ വരികളെ കുറിച്ചും ഈണത്തെ കുറിച്ചും ശബ്ദത്തെ കുറിച്ചുമുള്ള ധാരണകളിലൊരു പൊളിച്ചെഴുത്ത് നടത്തിയ ഗാനം എക്കാലത്തേയും ഹിറ്റുകളിലൊന്നാണെന്നതിൽ സംശയമില്ല. പക്ഷേ കുറ്റപ്പെടുത്തലുകൾകൊണ്ട് വിമർശനങ്ങൾകൊണ്ട് ജാസീ ഗിഫ്റ്റിനെ ഏറെ ഉപദ്രവിച്ചു എന്നതാണ് സത്യം. എന്തായാലും സ്റ്റൈൽ എന്ന ചിത്രത്തിൽ കുറേ സ്റ്റൈലൻ പാട്ടുകളുമായിട്ടാകും ജാസീ ഗിഫ്റ്റ് എത്തുകയെന്ന് കരുതാം.

ഇതിഹാസയുടെ സംവിധായകൻ ബിനു എസ് ആണ് സ്റ്റൈൽ സംവിധാനം ചെയ്യുന്നത്. മനു മഞ്ജിത്തിന്റേതാണ് പാട്ടുകൾ. പ്രണയവും നർമ്മവും കലർന്ന സിനിമ എആർകെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്.