ഗുർമെഹറിനെ പരിഹസിച്ച സെവാഗിനും യോഗേശ്വറിനുമുള്ള മറുപടി

എബിവിപിയ്ക്കെതിരായ ഓൺലൈൻ പ്രചരണത്തിലൂടെ ശ്രദ്ധ നേടിയ വിദ്യാർഥിനി ഗുർമെഹർ കൗറിനെ കളിയാക്കിയ സെവാഗിനും യോഗേശ്വറിനുമെതിരെ കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ജാവേദ് അക്തർ. നിരക്ഷരനനായ ഒരു കളിക്കാരനോ ഗുസ്തിക്കാരനോ ആണ് രക്തസാക്ഷിയുടെ മകളെ പരിഹസിക്കുന്നതെങ്കില്‍ മനസിലാക്കാം...എന്നാൽ വിദ്യാഭ്യാസമുള്ള മറ്റു ചിലരാണ് ഇതിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

ഡൽഹി രാംജാസ് കോളജിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എബിവിപിയ്ക്കെതിരെ ക്യാംപെയിനിൽ പങ്കെടുത്ത വിദ്യാർഥിനിയാണ് ഗുർമെഹർ. കാർഗിൽ രക്തസാക്ഷിയുടെ മകൾ കൂടിയായ ഗുർമെഹർ ഇതിനിടയിൽ പാകിസ്ഥാനല്ല, യുദ്ധം ആണ് എന്‍റെ അച്ഛനെ കൊലപ്പെടുത്തിയതെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടിയായി, ‘ഞാന്‍ അല്ല 2 ട്രിപ്പിള്‍ സെഞ്ച്വറി നേടിയത് , എന്‍റെ ബാറ്റ് ആണ്’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ സെവാഗ് പോസ്റ്റ് ചെയ്ത ചിത്രമാണ് വിവാദമായത്. ഹിറ്റ്‌ലറോടും  ബിന്‍ലാദനോടുമൊെക്ക ഉപമിച്ചയായിരുന്നു ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്റെ പരിഹാസം. 

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഗാനരചയിതാക്കളിലൊരാളാണ് ജാവേദ് അക്തർ. 2007ൽ പത്മവിഭൂഷൺ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു. അഞ്ചു പ്രാവശ്യം മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജാവേദ് അക്തറിന്റെ സാമൂഹികമായ ഇടപെടലുകൾ എന്നെന്നും ശ്രദ്ധേയമായിരുന്നു. 

രാംജാസ് കോളജ് പ്രശ്നവുമായി ബന്ധപ്പെട്ട് ഗുർമെഹർ കൗറിന്റെ ഫെയ്സ്ബുക് പോസ്റ്റ് രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയിരുന്നു. ഡൽഹിയിലെ രാംജാസ് കോളേജിൽ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഒമര്‍ ഖാലിദിനെ സെമിനാറിൽ സംസാരിക്കാൻ അനുവദിക്കാതിരുന്നതിനാണ് എബിവിപിക്കെതിരെ ഡൽഹി സർവകലാശാല വിദ്യാർഥിനിയായ ഗുർമെഹർ സാമൂഹിക മാധ്യമത്തിലൂടെ പ്രതിഷേധിച്ചത്. ‘ഞാൻ ഡിയു വിദ്യാർഥിനി, എനിക്ക് എബിവിപിയെ പേടിയില്ല’ എന്നായിരുന്നു പോസ്റ്റ്.  ബലാത്സംഗം ചെയ്യുമെന്നു പറഞ്ഞുകൊണ്ടായിരുന്നു എബിവിപി ഇതിനെതിരെ പ്രതികരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഗുർ‌മെഹർ വിപ്ലവകരമായിട്ടാണ് പ്രതികരിച്ചത്. ഞാൻ‌ പേടിക്കുന്നില്ല, ഇന്ത്യ എനിക്കൊപ്പമുണ്ടെന്ന് എന്നൊക്കെ എഴുതിക്കാണിക്കുന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ഇത്. ഇന്ത്യയൊട്ടാകെ ഇതു ചർച്ചയായിരുന്നു. എബിവിപി പ്രവർത്തകർ മാനഭംഗ ഭീഷണി മുഴക്കിയെന്നാരോപിച്ച് ഗുർമെഹർ സംസ്ഥാന വനിതാ കമ്മിഷനിൽ പരാതിയും നൽകിയിരുന്നു.