തട്ടമിട്ട് സുന്ദരിയായി പ്രയാഗ, പാട്ടും പാടി ജയസൂര്യ: കല്യാണ പാട്ട് കലക്കി

കല്യാണ വീടുകൾ, ഉത്സവങ്ങൾ തുടങ്ങിയവയെല്ലാം തന്റെ പ്രണയം തുറന്നു പറയാനും കാണിക്കാനുമുള്ള ഇടങ്ങളായാണ് ചില ചെറുപ്പക്കാർ കാണുന്നത്. ദാ ഫുക്രിയിലെ ജയസൂര്യയും അങ്ങനെയുള്ളൊരാളാണ്. പ്രയാഗയോടുള്ള തന്റെ പ്രണയം പറയാനും പിന്നെ നല്ലൊരു ഇംപ്രഷനുണ്ടാക്കാനുമുള്ള നമ്പറുകളെല്ലാം പരമാവധി പുറത്തെടുക്കുകയാണ് ജയസൂര്യ. ഈ കാഴ്ചകളോടെയാണ് ഫുക്രിയിലെ മറ്റൊരു ഗാനം എത്തിരിക്കുന്നത്. നൃത്തത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ ഈണവും ദൃശ്യങ്ങളുമുള്ള പാട്ട് ആർക്കുമിഷ്ടമാകും എന്നുറപ്പ്.

ഹാർമോണിയത്തിൽ വിരൽ ചേർത്ത് പാടുന്ന തുടങ്ങുന്ന ജയസൂര്യയുടെ ലുക്കും അതു കേൾക്കാനെത്തുന്ന സിദ്ധിഖിന്റെ നോട്ടവും ഇവർക്കൊപ്പം പാടിയാടുന്ന ലാലിനേയും ആർക്കും ഇഷ്ടമാകും. തൂവി തൂവി നെഞ്ചിൽ ഹിമകണമായി എന്നു തുടങ്ങുന്ന പാട്ട് അതിമനോഹരമായൊരു പ്രണയഗാനമാണ്. ആദ്യ കാഴ്ചയിൽ തന്നെ ഈ പാട്ടിനോടു നമുക്കു സ്നേഹം തോന്നും.

വിശ്വജിത്ത് ആണ് പാട്ടിനു സംഗീതം പകർന്നത്. റഫീഖ് അഹമ്മദ് മലയാളം വരികളും ഫൗസിയ അബൂബക്കര്‍ ഉറുദു വരികളുമെഴുതി പാട്ട് പാടിയതും വിശ്വജിത് തന്നെ. മനസിൽ ഒരു കല്യാണ തലേന്നിന്റെ അനൂഭൂതി നിറയ്ക്കുന്ന ബാക്കിങ് വോക്കൽ സിയാ ഉൾ ഹക്കിന്റേതാണ്. തബ്‍ലയും ഡോലക്കും ശ്രുതിരാജും സാരംഗി മനോൻമണിയും ഹാർമോണിയും പ്രകാശ് ഉള്ളിേയരിയും ആണു കൈകാര്യം ചെയ്തിരിക്കുന്നത്.

നിക്കാഹിന്റെ തലേന്നുകൾ എന്നാൽ പാട്ടുകളുടെയും നൃത്തത്തിന്റെയും സമന്വയ രാവു കൂടിയാണ്. ആ മനോഹാരിതയെ കാണിക്കുന്ന ഒരുപാടു ഗാനങ്ങൾ മലയാളത്തിലെത്തിയിട്ടുണ്ട്്. അതൊന്നും നമ്മൾ മറന്നിട്ടുമില്ല. ഫുക്രിയിലെ ഈ പാട്ടും അക്കൂട്ടത്തിലേക്കാണ്.