ജയസൂര്യ പൃഥ്വിരാജിന് വേണ്ടി പാടുന്നു

മലയാളത്തിലെ ഗായകര്‍ക്കെല്ലാം പൊതുവേ അത്ര നല്ല കാലമല്ല എന്നാണ് തോന്നുന്നത്. നായികമാരും നായകന്‍മാരും കൂട്ടത്തോടെ പാട്ടുപാടാന്‍ ഇറങ്ങിയിരിക്കുകയാണ്. സിനിമയിലെ പാട്ടുകളെല്ലാം അഭിനേതാക്കള്‍ പാടിയാല്‍ പാവം പാട്ടുകാരുടെ ഗതി എന്താകും?

പാട്ടുപാടുന്ന അഭിനേതാവ് എന്ന ഗണത്തിലേയ്ക്ക് കുറച്ച് നാളുകള്‍ക്ക് മുമ്പ് മാത്രം എത്തിയ ആളാണ് ജയസൂര്യ. ആദ്യമായി പാടിയത് 2005 ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നെങ്കിലും പിന്നീട് ജയസൂര്യ ആ സാഹസത്തിന് ഒരുങ്ങിയിരുന്നില്ല. നീണ്ട എട്ട് വര്‍ഷത്തിനു ശേഷം ജയസൂര്യ വീണ്ടും പാട്ടുകാരനായത് 'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന ചിത്രത്തിലെ 'ആശിച്ചവന് ആകാശത്ത് നിന്നൊരാനേ കിട്ടി' എന്ന ഗാനത്തിലൂടെയാണ്, ഗാനമാകട്ടെ സൂപ്പര്‍ഹിറ്റാകുകയും ചെയ്തു. അതിനു ശേഷം ഹാപ്പി ജേര്‍ണി, ആട് ഒരു ഭീകരജീവിയാണ്, അമര്‍‌ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് ശേഷം ജയസൂര്യ വീണ്ടും പാട്ടുപാടുന്നു.

പൃഥ്വിരാ‍ജ് നായകനാവുന്ന പാവാട എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ പാടുന്നത്. ചിത്രത്തിനായി പാട്ട് പാടുന്ന വിവരം ജയസൂര്യ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്.

‘‘ഒരു ദിവസം പ്രിഥ്വി വിളിച്ചിട്ട് "പാവാട" എന്ന അവന്റെ പുതിയ പടത്തിൽ അവനു വേണ്ടി പാടണമെന്നു പറഞ്ഞു. പണി ചോദിച്ച് വാങ്ങുന്നവനെ ഞാൻ ആദ്യമായി കാണുകയാ. എന്തായാലും ഞാൻ പാടി’’ ജയസൂര്യയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം.

മമ്മൂട്ടി ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ മാര്‍ത്താണ്ഡന്റെ മൂന്നാമത്തെ ചിത്രമാണ് പാവാട. മിയയാണ് ചിത്രത്തിലെ നായിക. അനൂപ് മേനോനും ആശ ശരത്തും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. നേരത്തെ ശോഭനയെയാണ് ഈ റോളിലേക്ക് പരിഗണിച്ചതെങ്കിലും അവര്‍ അവസാന നിമിഷം പിന്മാറിയതോടെയാണ് ആശ ശരത്ത് പകരം വന്നത്. പൃഥ്വിരാജിനേയും ആശാ ശരത്തിനേയും മിയയേയും കൂടാതെ നെടുമുടി വേണു, രണ്‍ജി പണിക്കര്‍, സായികുമാര്‍, സിദ്ദിഖ്, മണിയന്‍പിള്ള രാജു, സുനില്‍ സുഗദ, കുഞ്ചന്‍, ടിപി മാധവന്‍, ശശി കലിംഗ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത് ഷൈബിന്‍ ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്രന്റേതാണ് തിരക്കഥ. എബി ടോം സിറിയക്കാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. മണിയൻ പിള്ളരാജുവാണ് ചിത്രം നിർമ്മിക്കുന്നത്.