പോപ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ മനംകവർന്ന നിഗൂഡ സുന്ദരിയെ കണ്ടെത്തി

പോപ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ മനംകവർന്ന നിഗൂഡ സുന്ദരിയെ കണ്ടെത്തി. സിൻഡി കിംബർലെ എന്ന സ്പാനിഷ് യുവതിയാണ് ഇൻസ്റ്റഗ്രാമിലെ വോൾഫിസിൻഡി എന്ന് വ്യക്തമായി. മെയിൽ ഓൺലൈനാണ് സിൻഡിയുടെ വിശദവിവരങ്ങൾ പുറത്തു കൊണ്ടുവന്നത്. സ്പെയിനിലെ ബെനിഡോമിൽ താമസിക്കുന്ന സിൻഡി താൻ 16കാരിയായ ഒരു വിദ്യാർഥിനിയാണെന്നും ബേബി സിറ്ററായി ജോലി ചെയ്യാൻ തയാറാണെന്നും കാണിച്ച് ഒരു വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിശദവിവരങ്ങളും കണ്ടെത്തി പുറത്തു വിട്ടിട്ടുണ്ട്. മണിക്കൂറിന് മൂന്നു പൗണ്ട് ഈടാക്കിയാണ് തന്റെ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. കുട്ടികൾക്ക് കൂട്ടിരിക്കുന്നതിനും അവർക്ക് ഹോം വർക്ക് ചെയ്യുന്നതിനും സാധനങ്ങൾ വാങ്ങുന്നതിനും സഹായിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേ സമയം ഇവർക്കെതിരെ 2013ൽ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്തിരുന്നെന്നും മെയിൽ ഓൺലൈൻ വിശദീകരിക്കന്നു.

ഏതാനും ദിവസങ്ങൾ മുമ്പാണ് ജസ്റ്റിന‍് ബീബർ താൻ ഇൻസ്റ്റഗ്രാമിൽ കണ്ട സുന്ദരിയാരെന്നു കണ്ടുപിടിച്ചുതരാൻ തന്റെ ആരാധകരോട് ആവശ്യപ്പെട്ടത്. റഷ്യൻ നടി ഇറിന ഷയാക്കുമായി രൂപസാദൃശ്യമുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമ വോൾഫി സിൻഡിയെ തേടാൻ ജസ്റ്റിൻ ബീബറിന് പ്രേരകമായത്. ബീബറിന്റെ മെസേജ് പുറത്തുവന്നതോടെ നിരവധി പെൺകുട്ടികളാണ് അത് താനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. അതേ സമയം തേടിയിറങ്ങിയവർക്കും താനാണെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വമ്പുപറഞ്ഞവർക്കും മറുപടിയുമായി സിൻഡി വീണ്ടും ഇൻസ്റ്റ്ഗ്രാമിലെത്തിയിരുന്നു. ‘‘ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്നു തനിക്കറിയില്ല, ഇൻസ്റ്റഗ്രാമും ടമ്പ്ലറും മാത്രമാണ് താൻ ഉപയോഗിക്കുന്നത്. ട്വിറ്റർ ഉപയോഗിച്ചിരുന്നു. ഇപ്പോൾ പ്രവർത്തനരഹിതമാക്കിയിരിക്കുകയാണെന്നും അല്ലാതെ കണ്ടെത്തിയ അക്കൗണ്ടുകളെല്ലാം വ്യാജമാണെ’’ന്നുമാണ് വോൾഫിസിൻഡി തന്റെ ഇൻസ്റ്റ്ഗ്രാമിൽ കുറിച്ചത്.