കൂവലും ബഹളവും; ആരാധകരോടു പിണങ്ങി വേദി വിട്ട് ജസ്റ്റിൻ ബീബര്‍

സംഗീത പരിപാടി ജീവസുറ്റതാക്കണമെങ്കില്‍ ഗായകരും കേൾ‌വിക്കാരും തമ്മിൽ നല്ലൊരു അടുപ്പം വരണമല്ലോ. അങ്ങനെയൊരു അന്തരീക്ഷം സൃഷ്ടിക്കുവാനായി ചില കാര്യങ്ങൾ ചെയ്യാറുണ്ട് ഗായകർ. ജസ്റ്റിൻ ബീബറും അതിനാണു ശ്രമിച്ചത്. പക്ഷേ കാര്യങ്ങൾ വഷളായി പോയെന്നു മാത്രമല്ല ബീബർ വേദി വിട്ടു പോകേണ്ടിയും വന്നു. പാട്ടു പാടുന്നതിനിടയിൽ കേൾവിക്കാരോടു സംസാരിക്കുവാൻ ശ്രമിച്ചതാണു പ്രശ്നമായത്. കേൾവിക്കാർ കൂവാൻ തുടങ്ങിയതോടെ ബീബർക്കു ദേഷ്യം വന്നു. മൈക്ക് ഓഫ് ചെയ്തു താരം വേദിയുടെ പിന്നിലേക്കു പോയി.  എന്തായാലും അവസാനം വേദിയിലേക്കു മടങ്ങിയെത്തി പ്രശസ്തമായ തന്റെ ചില ഗാനങ്ങൾ ആലപിച്ച ശേഷമാണു  പരിപാടി നിർ‌ത്തിയത്. ബീബറുടെ പിണക്കവും വേദിവിടലും അടങ്ങിയ വിഡിയോ തരംഗമായിക്കഴിഞ്ഞു. മാഞ്ചസ്റ്ററിൽ നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. 

കുറച്ചു കാലമായി ആരാധകരുമായി അധികം രസത്തിലല്ല പോപ് ഗായകൻ ജസ്റ്റിൻ ബീബര്‍. ആരാധകര്‍ക്കൊപ്പം നിന്ന് ഇനി ഫോട്ടോ എടുക്കില്ലെന്ന പ്രഖ്യാപനവും ഇൻസ്റ്റഗ്രാം അക്കൗണ്ട് വേണ്ടെന്നു വച്ചതും കുറച്ചു ദിവസം മുൻപ് ഇതേ കാരണത്താൽ ആരാധകരെ വിമർശിച്ചതുമുള്‍പ്പെടെ നിരവധി കാര്യങ്ങളുണ്ടായി അടുത്തിടെ. അക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തേതാണ് വേദിയിൽ നിന്നുള്ള ഇറങ്ങിപ്പോക്ക്.