റെക്കോർഡിട്ട് ജസ്റ്റിൻ ബീബറിന്റെ വാട്ട് ഡു യു മീൻ

റെക്കോർഡുകൾ തിരിത്തിക്കുറിച്ച് മുന്നേറുകയാണ് ജസ്റ്റിൻ ബീബറിന്റെ പുതിയ ഗാനം വാട്ട് ഡു യു മീൻ. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബീബർ പുറത്തിറക്കിയ ഗാനം മ്യൂസിക്ക് സ്ട്രീമിംഗ് സൈറ്റായ സ്‌പോട്ടിഫൈയിൽ ആദ്യ അഞ്ച് ദിവസംകൊണ്ട് ഏകദേശം 2.1 കോടി ആളുകളാണ് കണ്ടത്. ഇതോടെ ആദ്യ ആഴ്ച്ചയിൽ സ്‌പോട്ടിഫൈയിലൂടെ ഏറ്റവും അധികം ആളുകൾ കാണുന്ന ഗാനം എന്ന റെക്കോർഡ് വാട്ട് ഡു യു മീൻ കൈക്കലാക്കിയിരിക്കുകയാണ്. വൺ ഡയറക്ഷന്റെ ഡ്രാഗ് മീ ഡൗൺ എന്ന ഗാനത്തെ പിന്തള്ളിയാണ് വാട്ട് ഡു യു മീൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്രാഗ് മീ ഡൗൺ അഞ്ച് ദിവസംകൊണ്ട് രണ്ട് കോടി ആളുകളായിരുന്നു കണ്ടത്.

ബ്രാഡ് ഫർമാനാണ് വാട്ട് ഡു യു മീൻ എന്ന ഗാനത്തിന്റെ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി ആദ്യ ദിവസം കൊണ്ട് തന്നെ ഏകദേശം 20 ലക്ഷം ആളുകൾ യൂട്യൂബിലൂടെ കണ്ട ഗാനത്തിന് ഇതുവരെ മൂന്ന് കോടി കാണികളെയാണ് ലഭിച്ചത്. അമേരിക്കൻ ഡിജെയും പ്രൊഡ്യൂസറുമായ ജാക്ക് യു വിന്റെ രണ്ടാമത്തെ ആൽബം സ്‌ക്രിലെക്‌സ് ആന്റ് ഡിപ്ലോയ്ക്ക് വേണ്ടി പാടിയ ബീബർ പാടിയ സിംഗിൾ വേർ ആർ യു നൗവായിരുന്ന ബീബർ അവസാനമായി പാടിയ ഗാനം. ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ 15 ാം സ്ഥാനത്ത് തുടങ്ങിയ ഗാനം ഇതുവരെ 13 കോടി ആളുകൾ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞു.

കനേഡിയൻ പോപ്പ് താരം ബീബർ ചീത്ത സ്വഭാവങ്ങളെല്ലാം മാറ്റി നല്ല കുട്ടിയായി നടക്കാൻ തീരുമാനിച്ചതിന് ശേഷം പുറത്തിറക്കുന്ന ആദ്യ ഗാനമാണ് വാട്ട് ഡു യു മീൻ. ചെറുപ്രായത്തിൽ തന്നെ ലഭിച്ച അമിത പ്രശസ്തിയിൽ മതിമറന്ന് ബീബർ ചെന്നു ചാടാത്ത കുഴപ്പങ്ങളുണ്ടായിരുന്നില്ല. അയൽക്കാർക്കും നാട്ടുകാർക്കും തുടങ്ങി എല്ലാവർക്കും ശല്യമായി മാറിയ ബീബർക്ക് വളരെ പെട്ടന്നാണ് തിരിച്ചടികൾ നേരിട്ടത്.