കബാലിയിലെ പാട്ടുകൾക്ക് റെക്കോർഡ് വിൽപന

യുട്യൂബില്‍ തരംഗമായതിനു പിന്നാലെ കബാലിയെ ഓഡിയോ സിഡിയ്ക്കും റെക്കോർഡ് വിൽപന. ഇക്കഴിഞ്ഞ ഞായറാഴ്ച റിലീസ് ചെയ്ത കബാലിയെ പാട്ടുകളുടെ സിഡി ഇതിനോടകം പതിനയ്യായിരത്തോളം പേരാണ് വാങ്ങിയത്. തിങ്ക് മ്യൂസിക് ഇന്ത്യയാണ് പാട്ടുകള്‍ പുറത്തിറക്കിയത്. ഇവരുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വ്യാപാരമാണ് നടന്നത്. 

യുട്യൂബിൽ തരംഗമായി കബാലി പാട്ട്

എഫ്എം സ്റ്റേഷനുകൾ ഏറ്റവുമധികം പ്രാവശ്യം പ്ലേ ചെയ്യുന്നതും വിവിധ മ്യൂസിക് സൈറ്റുകളുടെ ചാർട്ടിൽ ഒന്നാമതുള്ളതും കബാലിയിലെ പാട്ടുകൾ തന്നെ. യുട്യൂബിലെ പോപുലർ വിഡിയോകളുടെ കൂട്ടത്തിലും ആദ്യ പത്തിനുള്ളിൽ തന്നെയുണ്ട്. അഞ്ച് ഗാനങ്ങളുള്ള ചിത്രത്തിലെ നെരുപ്പ്ഡാ എന്ന പാട്ടാണ് ഏറെ ഹിറ്റായത്. ട്രെയിലറിലും ഉൾക്കൊള്ളിച്ച ഗാനത്തിന് അന്നേ ആരാധകര്‍ ഏറെയാണ്. നാലു ദിവസം കൊണ്ട് ഇരുപത്തിരണ്ട് ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ പാട്ട് യുട്യൂബ് വഴി ആളുകൾ കണ്ടത്. അതുപോലെ ഉലഗം ഒരുവനുക്കാ എന്ന മറ്റൊരു പാട്ടും പത്തു ലക്ഷത്തിലധികം പ്രാവശ്യവും പ്രേക്ഷകർ വീക്ഷിച്ചു. സന്തോഷ് നാരായണനാണ് കബാലിയിലെ പാട്ടുകൾക്ക് ഈണമിട്ടത്.