തനി നാടൻ 'മണി’ കണ്ഠം

കലാഭവൻ മണി എന്ന നടനെ ഓർക്കുമ്പോൾ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെക്കാൾ എല്ലാവർക്കും ആദ്യം ഓർമ്മ വരുന്നത് അദ്ദേഹത്തിന്റെ നാടൻ പാട്ടുകളാണ്. നമ്മുടെ നാട്ടിൽ നിലവിൽ പ്രചാരത്തിലുണ്ടായിരുന്ന നാടൻ പാട്ടുകളെ സ്വന്തം ശൈലിയിൽ പാടി ജനകീയമാക്കിയെന്ന് മാത്രമല്ല പുതിയ നാടൻ പാട്ടുകൾക്ക് രൂപം കൊടുക്കാനും മണി എന്നും മുൻ നിരയിൽ തന്നെയുണ്ടായിരുന്നു. മണി നാടൻ പാട്ടുകൾ പാടി തുടങ്ങിയപ്പോൾ മലയാളത്തിന്റെ യുവത്വം അതേറ്റ് പാടുകയായിരുന്നു.

കലാഭവൻ മണിയുടെ സ്റ്റേജ് ഷോകളിലെ ഹൈലൈറ്റ് ആയിരുന്നു ഈ പാട്ടുകൾ. സിനിമയിൽ കലാഭവൻ മണി പാടിയ പാട്ടുകളിൽ ഹിറ്റായവയുണ്ടെങ്കിലും പ്രേക്ഷകർ എന്നും ആവശ്യപ്പെട്ടിരുന്നത് അദ്ദേഹത്തിന്റെ നാടൻ പാട്ടുകളായിരുന്നു. ആ പരലീ... , വരാന്ന് പറഞ്ഞിട്ട്.., വരിക്കച്ചക്കേടേ...,പകലു മുഴുവൻ പണിയെടുത്ത്..., കണ്ണിമാങ്ങാ പ്രായത്തിൽ... എന്നിങ്ങനെ തുടങ്ങുന്ന മണിയുടെ നാടൻ പാട്ടുകൾ ഏറ്റുപാടാത്ത മലയാളികൾ ഇല്ലെന്ന് വേണം പറയാൻ.

കൃത്രിമമായ ആനന്ദമോ വികാരമോ പാലിക്കുന്ന ആളായിരുന്നില്ല കലാഭവൻ മണി. സ്വതസിദ്ധമായ ശൈലിയിൽ പാട്ടുകൾ പാടിയപ്പോൾ അവ വന്നത് സ്വന്തം അന്തഃകരണത്തിൽ നിന്നായിരുന്നു. അത് എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു. കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ജനകീയമായപ്പോൾ നാടൻ പാട്ടുകളെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചെന്ന് മാത്രമല്ല. നമ്മുടെ നാടൻ കലകളെ പോലെ മൺമറഞ്ഞു കൊണ്ടിരുന്ന ഒരു കലയുടെ ഉയർത്തെഴുന്നേൽപ്പ് കൂടിയായിരുന്നുവത്.

കലാഭവൻ മണിയുടെ വിയോഗം സത്യത്തിൽ സിനിമയുടെ മാത്രം നഷ്ടമായി അവശേഷിക്കുന്നില്ല. പകരം നാടൻപാട്ടുകളുടെ കൂടി നഷ്ടമാണ്. നാടൻ പാട്ടുകൾ പാടാനും അവ പഠിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും മണി എന്നും സമയം കണ്ടിരുന്നു. ആ 'മണി കണ്ഠത്തിൽ' നിന്നും മലയാളികൾക്ക് ലഭിച്ച ആ നാദത്തിന്റെ അലയൊലികൾ ഒരിക്കലും അവസാനിക്കില്ല.