'അഞ്ചു ലക്ഷം' കട്ടക്കലിപ്പുമായി വീണ്ടും വീണ്ടും മുന്നോട്ട്

ക്യാംപസ് രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമുള്ള പാട്ട് ഊർജ്ജസ്വലമായി മുന്നോട്ട്. ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ കലിപ്പ് പാട്ട് മനസുകളിൽ തരംഗമാകുന്നു. വാക്കുകൾ കൊണ്ടും സ്വരംകൊണ്ടും തീപാറിയ പാട്ട് അഞ്ചു ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. കലിപ്പ് കട്ട കലിപ്പ് എന്ന വരികൾ പോലെ തന്നെയായി പാട്ടിനോടുള്ള ജനകീയതയും. 

കബാലിയിലെ നെരുപ്പ്ഡാ എന്ന പാട്ടിലൂടെ ശ്രദ്ധേയനായ അരുൺ രാജ കാമരാജിന്റെ ആലാപനമാണു പാട്ടിന്റെ ഏറ്റവും വലിയ ആകർഷണീയത. ഉള്ളംതുറന്നുള്ള ആലാപനം ചിത്രത്തിന്റെ പ്രമേയത്തിനും ഏറെ അനുയോജ്യം. മണികണ്ഠനാണു ഗാനത്തിനു പ്രസരിപ്പുള്ള ഈണം പകർന്നത്. മനോരമ ഓൺലൈന്‍ യുട്യൂബ് ചാനൽ വഴിയാണു പാട്ടു പുറത്തിറക്കിയത്. 

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത് മഹാരാജാസ് കോളെജിൽ  എസ്എഫ്ഐ എന്ന രാഷ്ട്രീയം പ്രസ്ഥാനം എങ്ങനെയാണു വളർച്ച നേടിയത് എന്നതിനെ കുറിച്ചാണ്. എഴുപതുകളിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ സിനിമയിൽ പുനരാവിഷ്കരിച്ചിട്ടുണ്ട്. പാട്ടിലും. അഭിനേതാക്കളുടെ ലുക്കും ക്യാംപസിലെ രാഷ്ട്രീയ തേരോട്ടത്തിന്റെ നിമിഷങ്ങളും ചേർന്ന ദൃശ്യങ്ങളാണു ഗാനത്തിലുള്ളത്.  ആ കൗതുകവും ആകാംഷയുമാണു പാട്ടിനെ ഇത്രയേറെ ശ്രദ്ധേയമാക്കിയത്.