പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ചേർന്നു പാടിയ കള്ള് പാട്ടെത്തി. നാദിർഷാ സംവിധാനം ചെയ്യുന്ന അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് വേണ്ടിയാണ് മൂവരും ഒന്നിച്ചു പാടിയത്. നേരത്തെ മൂന്ന് പേരും പിന്നണി ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് പാടുന്നത് ആദ്യം. ഇവരെ കൂടാതെ നാദിർഷയും ഗാനം ആലപിക്കുന്നുണ്ട്. പ്രേമമെന്നാൽ എന്താണു പെണ്ണേ... കരളിന്റെ ഉള്ളിലെ തീയാണു കണ്ണേ എന്ന തുടങ്ങുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നതും നാദിർഷയാണ്.
അടിച്ചുപൊളി നൃത്തമുള്ള ഗാനത്തിന്റെ രംഗത്തിൽ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും ജയസൂര്യയുടേയും കൂടെ ചുവടുവെച്ചിരിക്കുന്നത് ഇനിയയാണ്. നവാഗതരായ ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ സംഭാഷണവും ഒരുക്കിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയ്ൻമെന്റ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്ക് ആദ്യമായി ഒരു മലയാള ചിത്രത്തിന്റെ ഓഡിയോ അവകാശം ഏറ്റെടുക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. നേരത്തെ യുവ്, ലൗ പോളിസി തുടങ്ങിയ ഗാനങ്ങളുടെ അവകാശം സോണി സ്വന്തമാക്കിയിരുന്നു. നേരത്തെ നിരവധി ഹിറ്റ് ഗാനങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള നാദിർഷ ചിത്രത്തിലെ ഗാനങ്ങൾ തന്നെയാണ് സോണിയെ ആകർഷിച്ചത്.
Premamennaal Full Song
അമർ സെന്റർസ്വയർ മാളിൽ ജോലിക്കാരൻ, അക്ബർ ഹോസ്പിറ്റലിൽ ലിഫ്റ്റ് ഓപ്പറേറ്റർ, കുസാറ്റിൽ ജോലിക്കാരനാണ് അന്തോണി. സമൂഹത്തിലും ചുറ്റുപാടുകളിലും എന്തുസംഭവിക്കുന്നുവെന്നു ശ്രദ്ധിക്കാതെ അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ല എന്ന ധാരണയിൽ ജീവിതം ആഘോഷിക്കുന്നവരാണിവർ. ഒരിക്കൽ അവരുടെ ജീവിതത്തിലുണ്ടായ യാദൃച്ഛിക സംഭവത്തെത്തുടർന്ന് അവരുടെ വിശ്വാസങ്ങളിലും ധാരണയിലും ഉണ്ടായ മാറ്റങ്ങളാണ് രസകരമായി 'അമർ അക്ബർ അന്തോണി' എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. പൃഥ്വിരാജ് അമറായിട്ടും ജയസൂര്യ അക്ബറായിട്ടും ഇന്ദ്രജിത് അന്തോണിയായിട്ടും എത്തുന്നു, നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക.
നമിതയെ കൂടാതെ സിദ്ധിഖ്, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, ഇടവേള ബാബു, ശ്രീരാൻ, ധർമജൻ ബോൾഗാട്ടി, ശശി കലിംഗ, ചാലി പാല, പ്രദീപ് കോട്ടയം, വിഷ്ണു ഉണ്ണികൃഷ്ണൻ, സ്രിന്റ, കെ.പി.എ.സി. ലളിത, ബിന്ദുപണിക്കർ, പ്രിയങ്ക, മോളി കണ്ണമാലി, ബേബി മീനാക്ഷി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.