പ്രിയ കവിയുടെ വരികൾ വീണ്ടും

ഇനി വരികൾ വിരിയില്ല. പക്ഷേ, പാട്ടുകൾ പൂത്തുലഞ്ഞുകൊണ്ടേയിരിക്കും. ഒ.എൻ.വി. കുറുപ്പിന്റെ അവസാന വരികൾ ഇന്നലെ കെ.എസ്. ചിത്ര പാടി റിക്കോർഡ് ചെയ്തു. കർണാടക സംഗീതജ്ഞനായ ശ്രീവൽസൻ ജെ. മേനോനാണു ചിത്രയ്ക്കൊപ്പം പാടിയത്.

മരണത്തിന് അഞ്ചുദിവസം മുൻപാണ് അദ്ദേഹം ‘കാംബോജി’ എന്ന സിനിമയ്ക്കുവേഃണ്ടി മൂന്നു പാട്ടുകൾ എഴുതിയത്. എല്ലാം ആശുപത്രി കിടക്കയിൽ കിടന്ന് എഴുതിയവ. പാട്ടുകൾ സംവിധായകനായ വിനോദ് മങ്കരയ്ക്കു നൽകുമ്പോൾ ഒഎൻവി പറഞ്ഞു – സിനിമയുടെ പൂജ നടക്കുമ്പോൾ ചിലപ്പോൾ ഞാനുണ്ടാകില്ല എന്ന്. ആശുപത്രിയിൽ അദ്ദേഹം വിനോദിനെ പാട്ടുകൾ വായിച്ചുകേൾപ്പിച്ചു. സംഗീത സംവിധായകനായ എം. ജയചന്ദ്രനു ചില വാക്കുകൾ വിശദീകരിച്ചു കൊടുക്കാനായിരുന്നു ഇത്. 61 വർഷം മുൻപൊരു ഏപ്രിൽ 13നു ‘കാലം മാറുന്നു’ എന്ന സിനിമയ്ക്കു വേണ്ടി ‘മലർ പൊയ്കയിൽ...’ എന്ന പാട്ടെഴുതിയാണ് ഒഎൻവിയുടെ സിനിമാ കാവ്യജീവിതം തുടങ്ങുന്നത്. പിന്നീടു പ്രണയവും ബാല്യവും മരണവും സന്തോഷവുമെല്ലാം അദ്ദേഹത്തിന്റെ വരികളിലൂടെ മലയാള സിനിമയുടെ വെള്ളിത്തിരയിൽ നിറഞ്ഞുതുളുമ്പി. ഒഎൻവിയുടെ വരികൾ കേൾക്കാത്ത ഒരു ദിവസംപോലും മലയാളിക്കില്ലെന്നായി.

പാട്ടു റിക്കോർഡ് ചെയ്തു ചിത്രയും ജയചന്ദ്രനും വിനോദ് മങ്കരയും പുറത്തിറങ്ങുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു വലിയ അരങ്ങിനാണു തിരശ്ശീല വീണത്. ചെന്നൈയിൽ ഇപ്പോൾ മലയാള സിനിമയുടെ റിക്കോർഡിങ് അധികം നടക്കാറില്ല. കേരളം തന്നെയാണു വേദി. ഒഎൻവിയുടെ ആദ്യഗാനം റിക്കോർഡ് ചെയ്തതു ചെന്നൈയിലാണ്. അവസാന ഗാനത്തിനും ചെന്നൈ തന്നെ അരങ്ങൊരുക്കി. സ്റ്റീഫൻ ദേവസിയുടെ സാലിഗ്രാമിലെ മ്യൂസിക് ലോഞ്ച് എന്ന സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിങ്. അവസാനഗാനം ഒഎൻവി ഏറെ സ്നേഹിച്ചിരുന്ന കഥകളി, മോഹിനിയാട്ടം ഇവയെക്കുറിച്ചുള്ള സിനിമയ്ക്കു വേണ്ടിയാണെന്നതും യാദൃച്ഛികതയായി.

ഒഎൻവി എഴുതിയ ഗാനം

നടവാതിൽ തുറന്നില്ല

നറുനിലാവുദിച്ചിട്ടും

പടിവാതിൽ കടന്നൊരാളണഞ്ഞില്ലാ....

വരുമെന്നോ... വരില്ലെന്നോ

വരുവാൻ വൈകിടുമെന്നോ

പറയാതെ പോയതാം പ്രണയമാണേറെയെന്നോ

പാരിൽ മാനസതാരിൽ?

പ്രിയമെന്നു നിനച്ചു ഞാൻ ഒരുക്കിവെച്ചവയിലെൻ

പ്രിയതമ! നിനക്കേതും കുതുകമില്ലേ?

ചന്ദനപ്പുടവയോ സിന്ദൂരത്തിലകമോ

ശൃംഗാര രസമോലും കാവ്യാലാപമോ

(നടവാതിൽ......)

കതിരെന്നു കരുതി ഞാൻ കരുതിവെച്ചവ വെറും

പതിരെന്നോ കാറ്റിൽ പറന്നുപോമോ?

വണ്ടുകൾ തേടിയെത്തും ചെമ്പവിഴങ്ങൾ കോർത്ത

പൊൻചിലങ്കകളുടെ ഗാനാലാപമോ?