കീർത്തി കവിത എഴുതുകയാണ്

പി.ബി. കീർത്തി മട്ടാഞ്ചേരി പള്ളിയറക്കാവു ലെയിനിലെ വാടകവീട്ടിൽ

ശാരീരികമായ വൈകല്യത്തിനപ്പുറം അക്ഷരങ്ങളുടെ ലോകമുണ്ടെന്ന തിരിച്ചറിവിലാണു മട്ടാഞ്ചേരി സ്വദേശി പി.ബി. കീർത്തി.എഴുതാനാവില്ലെങ്കിലും വീൽചെയറിലിരുന്നു കീർത്തി കവിതകൾ പറഞ്ഞുകൊടുക്കും. അമ്മ അയിഷ കടലാസിലേക്കു പകർത്തും. ഇരുപത്തിയാറുകാരിയായ കീർത്തി ഇതിനകം എഴുതിയത് ഇരുപത്തിയഞ്ചിലേറെ കവിതകൾ. ഏറ്റവുമൊടുവിലെഴുതിയ കവിതയുടെ പേര് മലയാളത്തിന്റെ സ്വത്ത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെക്കുറിച്ചുള്ളതാണ് ഈ കവിത.

സപ്തതി തൻ നിറവിൽ ഒരു വൻമരമായ് പടർന്നു പന്തലിച്ചു നിൽക്കുമ്പോഴും പതിനേഴിന്റെ തിളക്കവുമായി ഗന്ധർവനാദം മുഴങ്ങി.....

കവിതയുടെ തുടക്കമിങ്ങനെയാണ്. ഫോർട്ട്കൊച്ചി അധികാരിവളപ്പിലെ കൊച്ചുകപ്പേളയിൽ 31നു യേശുദാസ് എത്തുമ്പോൾ കവിത അദ്ദേഹത്തിനു നൽകണമെന്ന ആഗ്രഹമുണ്ട് കീർത്തിക്ക്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യകവിത എഴുതിയത്. ഇപ്പോൾ പ്ലസ് ടു പാസായ കീർത്തി ഹിന്ദി പ്രവീൺ പരീക്ഷ ഒന്നാം ക്ലാസോടെ ജയിച്ചു. സെറിബ്രൽ പാൾസിയാണു കീർത്തിയെ ചക്രക്കസേരയിലാക്കിയത്.

സഹായിയെ ഉപയോഗിച്ചാണ് എസ്എസ്എൽസിയും ഹയർ സെക്കൻഡറി പരീക്ഷയുമെഴുതിയത്. ഉന്നതപഠനത്തിനു താൽപര്യമുണ്ടെങ്കിലും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് വിലങ്ങുതടിയാകുന്നു. ‘ബുദ്ധിയുടെ കാര്യത്തിൽ മാത്രം കുഴപ്പമില്ല, ബാക്കിയെല്ലാം കുഴപ്പമാണെന്നു കീർത്തിയുടെ കമന്റ്. കവിതകൾ പുസ്തകമായി പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമുണ്ടെന്നു കീർത്തിപറയുന്നു.

സ്വകാര്യ ബസിലെ കണ്ടക്ടറായ പി.ആർ. ഭാനുപ്രകാശിന്റെ രണ്ടു മക്കളിൽ മൂത്തയാളാണു കീർത്തി. മകളുടെ പഠനസൗകര്യാർഥം സ്കൂളിനു സമീപത്തു വീടു കണ്ടെത്തി അവിടേക്കു താമസം മാറുകയായിരുന്നു പതിവെന്നു ഭാനുപ്രകാശ് പറയുന്നു. മട്ടാഞ്ചേരി പള്ളിയറക്കാവു ലെയിനിലെ വാടക വീട്ടിലാണിപ്പോൾ താമസം.