വിഡിയോ വിവാദത്തിൽ ലതാ മങ്കേഷ്കറുടെ പ്രതികരണം

സച്ചിനേയും ലതാ മങ്കേഷ്കറേയും അധിക്ഷേപിച്ചു കൊണ്ട് ഹാസ്യകാരൻ തൻമയ് ഭട്ട് പുറത്തുവിട്ട വിഡിയോയ്ക്കെതിരായ പ്രതിഷേധം ചൂടു വിട്ടിട്ടില്ല ഇനിയും. സംഭവത്തിൽ ലതാ മങ്കേഷ്കർ നിലപാട് വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.

ഞാൻ ആ വിഡിയോ കണ്ടിട്ടില്ല. കാണമെന്ന് ആഗ്രഹവുമില്ല. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാനുമില്ല. എല്ലാത്തിനേക്കാളുമുപരി ആരാണ് തന്മയ് ഭട്ട് എന്നെനിക്ക് അറിയുകയുമില്ല. ലതാ മങ്കേഷ്കർ പറഞ്ഞു. ‌

സൗമ്യ സാന്നിധ്യം കൊണ്ടും ഇതിഹാസ തുല്യമായ ആലാപന ശൈലികൊണ്ടും കാലഘട്ടങ്ങളെ അതിശയിപ്പിച്ച ഗായികയാണ് ലതാ മങ്കേഷ്കർ.
സച്ചിൻ വേഴ്സസ് ലത സിവിൽ വാർ എന്ന പേരിൽ തൻമയ് ഭട്ട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ലത മങ്കേഷ്കറും സച്ചിൻ തെൻഡുൽക്കറും പരസ്പരം അധിക്ഷേപിക്കുന്നതായാണു കാണിക്കുന്നത്. അയ്യായിരം വയസ്സ് തോന്നിക്കുന്നതാണു നിങ്ങളുടെ മുഖമെന്നും എട്ടുദിവസം വെള്ളത്തിൽ മുക്കിപ്പിടിച്ചപോലെയാണതെന്നും ലതയെ കളിയാക്കുമ്പോൾ സച്ചിന്റെ പ്രകടനങ്ങളും പരിഹാസ വിഷയമാകുന്നു. ...

ഓൾ ഇന്ത്യ ബക്ചോദ് (എഐബി) കോമഡിഗ്രൂപ്പ് പുറത്തുവിട്ട വിഡിയോ നീക്കംചെയ്യാൻ ഫെയ്സ്ബുക്, യൂ ട്യൂബ് അധികൃതരോടു മുംബൈ പൊലീസ് ആവശ്യപ്പെട്ടു. എഐബിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു ശിവസേന, ബിജെപി, മഹാരാഷ്ട്രാ നവനിർമാൺ സേന (എംഎൻഎസ്) പാർട്ടികളും രംഗത്തെത്തി. വിഡിയോ പിൻവലിച്ചു മാപ്പു പറഞ്ഞില്ലെങ്കിൽ ഭട്ടിനെ തെരുവിൽ കൈകാര്യം ചെയ്യുമെന്ന് എംഎൻഎസ് ഭീഷണി മുഴക്കി. എഐബി സ്ഥാപകാംഗം തൻമയ് ഭട്ടിന്റെ പരിപാടികൾ മുംബൈയിൽ നടത്താൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പു നൽകിയിരുന്നു.