ഭാരതത്തിന്‍റെ വാനമ്പാടിക്ക് 87 ാം പിറന്നാൾ

ഭാരതത്തിന്‍റെ വാനമ്പാടി ലതാ മങ്കേഷ്കറിന് പിറന്നാള്‍. ആലാപനം തുടങ്ങി എട്ട് പതിറ്റാണ്ടിനിപ്പുറവും മാറ്റമില്ലാത്ത സ്വരമാധുരിയാണ് ലതാ മങ്കേഷ്കറിനെ വ്യത്യസ്തയാക്കുന്നത്. പ്രായം 87 കടക്കുമ്പോഴും സിനിമാ സംഗീതലോകത്ത് എന്നും വിസ്മയമാണ് ഈ പ്രതിഭ.

അഭിനയരംഗത്തേക്ക് കടന്നുവരാനാഗ്രഹിച്ച പെണ്‍കുട്ടി ഭാരതത്തിന്‍റെ വാനമ്പാടിയായി ഉയര്‍ന്നതിനുപിന്നില്‍ പാരമ്പര്യമായി ലഭിച്ച സംഗീത അഭിരുചിതന്നെ. 1929 സെപ്റ്റംബര്‍ 28ന് ഇന്‍ഡോറില്‍ കൊങ്കിണി കുടുംബത്തില്‍ ജനനം. പതിമൂന്നാം വയസില്‍ സിനിമയില്‍ അഭിനയരംഗത്ത് ചുവടുവച്ചുതുടങ്ങിയ ലത പിന്നീട് ഗായികയായി. സംഗീതഞ്ജനായ അച്ഛനില്‍നിന്നും പകര്‍ന്നുകിട്ടിയതായിരുന്നു ആ ആലാപനമാധുര്യം.

1942ല്‍ സിനിമയില്‍ ആദ്യഗാനം ആലപിച്ചെങ്കിലും അത് പുറത്തിറങ്ങിയില്ല. എന്നാല്‍ ആവര്‍ഷംതന്നെ പഹലി മംഗളഗോര്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ലതയുടെ സംഗീതസപര്യക്ക് ആരംഭമായി. 1949 ല്‍ പുറത്തിറങ്ങിയ മഹല്‍ എന്ന ചിത്രത്തിലെ ഗാനം സൂപ്പര്‍ഹിറ്റ്. പിന്നീടിങ്ങോട്ട് സംഗീതലോകം ലതയ്ക്ക് പിന്നാലെ സഞ്ചരിച്ചു.

1974ല്‍ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലൂടെ ലതയുടെ സ്വരമാധുര്യം മലയാളികളും അടുത്തറിഞ്ഞു. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് സലീല്‍ ചൗധരി ഈണമിട്ടപ്പോള്‍ മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഗാനമായി അതുമാറി.ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡു ചെയ്ത ഗാനങ്ങള്‍ക്കുടമയായി ലത മങ്കേഷ്കര്‍. ദേശിയ, രാജ്യാന്തര പുരസ്കാരങ്ങള്‍ നിരവധി അവരെ തേടിയെത്തി. പത്മഭൂഷന്‍, പത്മവിഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കേ, ഭാരതരത്ന.

ഹിറ്റുകളില്‍നിന്നും അനശ്വരമായ സൂപ്പര്‍ ഹിറ്റുകളിലേക്കുള്ള നിലയ്ക്കാത്ത യാത്ര. കാലമേറെ കടന്നുപോയെങ്കിലും പ്രായാധിക്യത്തെ തോല്‍പിക്കുംവിധം, സംഗീതമെന്ന പദത്തിന് ശ്രുതിചേരുന്ന നാമമായി, എന്നും ലതാ മങ്കേഷ്കര്‍. എട്ടുപതിറ്റാണ്ടിനിപ്പുറവും കണ്ഠമിടറാതെ നദിപോലെ ഒഴുകുകയാണ് ആ സ്വപ്നസ്വരമാധുര്യം.

ദേശാതിര്‍വരമ്പുകള്‍ ഭേദിച്ച് പതിനഞ്ച് ഭാഷകളിലായി നാല്‍പതിനായിരത്തോളം ഗാനങ്ങള്‍. സിനിമാഗാനങ്ങളെക്കൂടാതെ ലളിതഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍.