ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിക്ക് റെക്സ് വിജയന്റെ സംഗീതം

നോർത്ത് 24 കാതം, സപ്തമ ശ്രീ തസ്കരാഃ എന്നീ ചിത്രങ്ങൾക്ക് ശേഷം അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടിക്ക് റെക്സ് വിജയന്റെ സംഗീതം. ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ആൾട്ടർനേറ്റീവ് മലയാളം റോക്ക് എന്ന പുതിയ ശാഖ മലയാള സംഗീതത്തിന് നൽകിയ അവിയലിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളുകൂടിയാണ് റെക്സ് വിജയൻ. 2009 ൽ പുറത്തിറങ്ങിയ കേരളാ കഫേയിലെ ബ്രിഡ്ജിലൂടെ സംഗീതസംവിധാന രംഗത്തേയ്ക്ക് എത്തിയ റെക്സ് തുടർന്ന് ചാപ്പാ കുരിശ്, 22 എഫ് കെ, ഇംഗ്ലീഷ്, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, നോർത്ത് 24 കാതം, സപ്തമ.ശ്രീ തസ്കരാഃ, പിക്കറ്റ് 43 എന്നീ സിനിമകൾക്ക് സംഗീതം പകർന്നിട്ടുണ്ട്.

സപ്തമ.ശ്രീ തസ്കരാഃ എന്ന ചിത്രത്തിന് ശേഷം അനിൽ രാധാകൃഷ്ണ മേനോൻ ഒരുക്കുന്ന കോമിക്കൽ ഫാന്റസി ചിത്രമാണ് ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി. സപ്തമ.ശ്രീ തസ്കരാഃയിലേതു പോലെ തുല്യ പ്രാധാന്യമുള്ള ഏഴ് കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുമുള്ളത്. കുഞ്ചാക്കോ ബോബൻ, ഭരത്, സണ്ണിവെയ്ൻ, നെടുമുടി വേണു, ചെമ്പൻ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീർ കരമന, സുധി കോപ്പ, ജേക്കബ് ഗ്രിഗറി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. വയനാട്, ഇടുക്കി, പൂണെ, ചെന്നൈ എന്നിവടങ്ങളിൽ ചിത്രീകരിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററിലെത്തും.