ഈ വേദന ആരുമാറ്റും? സഹായം തേടി വിപ്ലവഗായിക

സിനിമയും സിനിമക്കാരും മറന്നാലും പാർട്ടിയ്ക്കായി പാടിയ വിപ്ലവഗാനങ്ങൾ ജീവിത സായാഹ്നത്തിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പിന്നണി ഗായികയായിരുന്ന മച്ചാട്ട് വാസന്തി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വാസന്തി സിനിമാപാട്ടുകളുടെ വസന്തകാലത്തിന്റെ ഒാർമകളിലാണ് ഇന്നും ജീവിക്കുന്നത്.

വയലാർ എഴുതി എംഎസ് ബാബുരാജ് ചിട്ടപ്പെടുത്തിയ, തത്തമ്മേ തത്തമ്മേ നീ പാടിയാൽ... എന്ന പാട്ട് പാടുമ്പോൾ മച്ചാട്ട് വാസന്തിയ്ക്കന്ന് ഒമ്പത് വയസ്സ്. കണ്ണൂരിലെ പാർട്ടി വേദിയിൽ സഖാവ് നായനാരുടെ നിർബന്ധത്തിന് വഴങ്ങി അച്ഛനോടൊപ്പം വാസന്തി ആദ്യമായി പാടി. ആ വേദിയിൽ വെച്ച് വാസന്തിയുടെ ശബ്ദ സൗകുമാര്യം തിരിച്ചറിഞ്ഞത് ബാബുക്കയെന്ന് പുകൾപെറ്റ എംഎസ് ബാബുരാജ്.  പിന്നീടങ്ങോട്ട് വിപ്ലവഗാനങ്ങളും നാടകഗാനങ്ങളും സിനിമാഗാനങ്ങളുമൊക്കെയായി വാസന്തി തിരക്കിലായി. പാടിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് മലയാളികൾ എക്കാലവും ചുണ്ടിൽ മൂളുന്ന മധുര കരിമ്പിന്റെ ഇമ്പമുള്ള ഗാനം  23വർഷം തുടർച്ചയായി പാർട്ടി വേദികളിൽ പാടി. കഴിഞ്ഞ തിരഞ്ഞെടുപ്പിനൊഴികെ മറ്റെല്ലാം തിരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാനും വാസന്തി പാടി. 

അപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന വിപ്ലവ ഗായികയ്ക്ക് സഹായഹസ്തവുമായി പക്ഷെ ആരുെമത്തിയില്ല.  സർക്കാർ സഹായമായി വാഗ്ദാനം ചെയ്ത മൂന്ന് സെന്റ് ഭൂമി ഇന്നും കടലാസിൽ മാത്രം.പഴയ പോലെ പാടാന്‍ വയ്യ.ചലച്ചിത്ര അക്കാദമിയുടെ നിസാരമായ പെൻഷൻ ഉണ്ട്.വിപ്ലവവും പ്രണയവും വിരഹവും നിറച്ച് വയലാറും പി ഭാസ്കരനുമൊക്കെയെഴുതിയ വരികൾ പാടി അനശ്വരമാക്കിയ ഗായികയുടെ ജീവിത സായന്തനത്തിന് ഈണമിടുന്നത് പക്ഷെ അപശ്രുതികൾ മാത്രം.