അച്ഛൻ സംഗീതം, മകൾ ഗായിക

അവളുടെ ശബ്ദം തിരിച്ചറിഞ്ഞുവല്ലോ എനിക്കതു മതി. മകൾക്ക് പുരസ്കാരം ലഭിച്ചതറിഞ്ഞപ്പോള്‍ രമേശ് നാരായണന്റെ ആദ്യ പ്രതികരണമിതായിരുന്നു. അച്ഛൻ ഈണമിട്ട ഇടവപ്പാതിയിലെ പശ്യതി ദിശി ദിശി...എന്ന പാട്ടിനാണ് മധുവിന് അവാർഡും. അച്ഛൻ മികച്ച സംഗീത സംവിധായകനും മകൾ മികച്ച ഗായികയുമായി സംഗീതത്തിനായി ജീവിതം സമർപ്പിച്ച കളങ്കമേൽക്കാതെ അത് കാത്തുസൂക്ഷിക്കുന്ന രമേശ് നാരായണന് കാലം കൊടുത്ത ഏറ്റവും മനോഹരമായ സമ്മാനമാണിത്. രമേശ് നാരായണൻ നേടുന്ന നാലാമത്തെ സംസ്ഥാന പുരസ്കാരമാണിത്. 2005ൽ സൈറ, 2006ൽ രാത്രിമഴ,2014ൽ വൈറ്റ് ബോയ്സ് എന്നീ ചിത്രങ്ങൾക്കാണ് രമേശ് നാരായണൻ പുരസ്കാരം നേടിയിട്ടുള്ളത്.

മൂന്നാം വയസു മുതലേ സംഗീതമഭ്യസിക്കുകയാണ് മക്കളായ മധുശ്രീയും മധുവന്തിയും. തിരുവനന്തപുരം കാർമൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മധുശ്രീ. സംഗീതത്തിൽ ബിരുദം ചെയ്യുകയാണ് ചേച്ചി മധുവന്തി. ഇവരുടെ അമ്മ ഹേമ സംഗീത അധ്യാപികയും. സംഗീതം മാത്രം നിറഞ്ഞ വീട്ടിലേക്ക് എത്തിയ പുരസ്കാരത്തിന് അതുകൊണ്ടുതന്നെ മധുരം ഏറെയാണ്. അച്ഛനൊപ്പം ഒട്ടേറെ വേദികൾ പങ്കിട്ടു കഴിഞ്ഞു മധുശ്രീ. മധുശ്രീ പാടിയ എന്നു നിന്റെ മൊയ്തീനിലെ പ്രിയമുള്ളവനേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു.