മാധുരി കാത്തിരിക്കുന്നൂ... ആ നൃത്തം കാണാന്‍

ബോളിവുഡിലെ ഏറ്റവും മികച്ച ഡാന്‍സ് നമ്പറുകളിലൊന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ഹിറ്റ് ചിത്രമായ ദേവ്ദാസിലെ ഡോലാരേ എന്ന ഗാനം. മാധുരി ദീക്ഷിത്തും ഐശ്വര്യ റോയ്‌യും മത്സരിച്ചാടിയ ഗാനം ഡാന്‍സ് പ്രേമികള്‍ക്കൊരു വിരുന്നായിരുന്നു. ഡോലാരേയുടെ ഹിറ്റ് ചരിത്രം ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ് സഞ്ജയ് ലീല ബന്‍സാലി. എന്നാല്‍ ഇത്തവണ പ്രിയങ്ക ചോപ്രയും ദീപിക പദ്‌കോണുമാണ് നൃത്തം ചെയ്യുന്നത്. ഇരുവരുടേയും നൃത്തം കാണാന്‍ താന്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ഡോലാരേ അനശ്വരമാക്കിയ മാധുരി ദീക്ഷിത് ഒരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഇരുവരും മികച്ച നര്‍ത്തകരാണെന്നും മാധുരി കൂട്ടിച്ചേര്‍ത്തു.

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം ബാജിറാവു മസ്താനിക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഡോലാരേയിലെ കൊറിയോഗ്രാഫര്‍ റെമോ ഡിസൂസ തന്നെയാണ് പുതിയ ഗാനത്തിന്റെയും നൃത്തസംവിധാനം ചെയ്യുന്നത്. ഗാനത്തിന്റെ ചിത്രീകരണം കഴിഞ്ഞെന്നും രണ്ട് നായികമാരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നതുമെന്നുമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന വിവരം. പന്ത്രണ്ട് ദിവസം എടുത്താണ് ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇരുവരെയും കൂടാതെ 50 പിന്നണി നര്‍ത്തകരും ചിത്രത്തില്‍ ഗാനരംഗത്ത് എത്തിയിട്ടുണ്ട്. പത്ത് ദിവസത്തെ റിഹേഴ്‌സലിന് ശേഷമാണ് ഗാനം ചിത്രീകരിച്ചത് അതുകൊണ്ട് തന്നെ വളരെ മികച്ച രീതിയില്‍ ഗാനം ചിത്രീകരിക്കാന്‍ സാധിച്ചെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സാവരിയ, ഗുസാരിഷ്, ഗോലിയോംകി രാസലീല രാം ലീല എന്നീ ചിത്രങ്ങളുടെ സംഗീതം നിര്‍വ്വഹിച്ച സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി തന്നെയാണ് ബാജിറാവു മസ്താനിക്കും സംഗീതം നല്‍കുന്നത്. നാലാം മറാത്ത ചത്രപതിയുടെ പ്രധാനമന്ത്രിയായിരുന്നു ബാജിറാവുവിന്റേയും അദ്ദേഹത്തിന്റെ മുസ്ലിം ഭാര്യ മസ്താനിയുടേയും പ്രണയം ഇതിവൃത്തമാക്കുന്ന ചിത്രമാണ് ബാജിറാവു മസ്താനി.

മനോഹരമായ വലിയ സെറ്റുകള്‍ക്ക് പേരുകേട്ട സഞ്ജയ് ലീല ബന്‍സാലിയുടെ ബിഗ് ബജറ്റ് ചിത്രമായ ബാജിറാവു മസ്താനിയില്‍ ബാജി റാവുവായി രണ്‍വീര്‍ സിങും മസ്താനിയായി ദീപിക പദ്‌കോണും ബാജിറാവുവിന്റെ ആദ്യ ഭാര്യ കാശിഭായ് യായി പ്രിയങ്കയുമെത്തുന്നു. ഇവരെ കൂടാതെ തന്‍വി ആസ്മി, സുഖദ ഖണ്ഡ്‌കേക്കര്‍, അനുജ ഗോഖലേ, വൈഭവ്, മഹേഷ് മഞ്ജരേക്കര്‍, മിലിന്ദ് സുമന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 1700 മുതല്‍ 1740 വരെയുള്ള കാലഘട്ടത്തെ മറാത്ത ഛത്രപതിയുടെ ചരിത്രം പറയുന്ന ചിത്രമാണ് ബാജിറാവു മസ്താനി. എസ്എല്‍ബി ഫിലിംസിന്റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 25 ന് തീയേറ്ററിലെത്തും.