വരുന്നു മഡോണയുടെ ആത്മകഥ

പോപ്പ് താരം മഡോണ ആത്മകഥയെഴുതുന്നു. ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താൻ ആത്മകഥയെഴുതാൻ തയ്യാറെടുക്കുകയാണെന്ന് താരം വെളിപ്പെടുത്തിയത്. 56കാരിയായ മഡോണ തന്റെ ജീവിതത്തിലേയും കരിയറിലേയും ഉയർച്ച താഴ്ച്ചകളെക്കുറിച്ച് തുറന്നെഴുതും എന്നാണ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. തന്റെ ജീവിത കഥയിലൂടെ ആരെയെങ്കിലും പ്രചേദിപ്പിക്കാൻ കഴിയുമെങ്കിൽ അത് നല്ല കാര്യമാണെന്നും മഡോണ അഭിമുഖത്തിൽ പറഞ്ഞു.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മഡോണ തന്റെ പുതിയ ആൽബം റിബൽ ഹേർട്ട് പുറത്തിറക്കിയത് അടുത്തിടെയാണ്. പതിനാല് ഗാനങ്ങളുടെ ആൽബത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. റിബൽ ഹാർട്ടിലൂടെ ഏറെ വിവാദങ്ങളും താരം സൃഷ്ടിച്ചിരുന്നു. ആൽബത്തിന്റെ പ്രചരണത്തിനായി മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല, ബോബ് മാർലി എന്നിവരുടെ ചിത്രങ്ങൾ വികൃതമാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. റിബൽ ഹാർട്ടിന്റെ കവറുപോലെ തോന്നിക്കുന്ന രീതിയിൽ ഇവരുടെ മുഖം കെട്ടിവരിഞ്ഞ നിലയിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിന്നീട് മഡോണ മാപ്പ് പറഞ്ഞതോടെയായിരുന്നു വിവാദങ്ങൾ കെട്ടടങ്ങിയത്.

ലോകത്തിലെ വനിതാ സംഗീതജ്ഞരിൽ ഏറ്റവും പ്രഗത്ഭയായ താരമായ മഡോണ ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. തന്റെ ഗാനങ്ങളിൽ രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ ഉപയോഗിച്ച് സാമൂഹിക വിമർശനം നടത്തുന്ന മഡോണ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2000ൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റിട്ടുള്ള വനിതാ താരം എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോഡ്സിൽ കയറിയ മഡോണ ഏകദേശം 300 ദശലക്ഷം ആൽബങ്ങൾ ലോകത്താകെമാനം വിറ്റിട്ടുണ്ട്. ബിൽബോർഡ് മാസിക ലോകത്തെ ഏറ്റവും മികച്ച 100 പോപ്പ് താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ബീറ്റിൽസിനു കീഴിൽ രണ്ടാം സ്ഥാനത്തെത്തിയ ഗായികയാണ് മഡോണ.