പോപ്പ് താരങ്ങളൊന്നിക്കുന്ന ബിച്ച് ഐ ആം മഡോണ

ബിയോൺസ്, കാറ്റി പെറി, കാനിയെ വെസ്റ്റ്, മൈലി സൈറസ്, റിതാ ഓറ, നിക്കി മിനാജ്, മഡോണ പോപ്പ് ലോകത്തെ അതിപ്രശസ്തരായ ഈ താരങ്ങളുടെയെല്ലാം പ്രകടനം ഒന്നിച്ചു കാണണമെങ്കിൽ അടുത്ത അവാർഡ് നിശയിൽ പങ്കെടുക്കണമായിരുന്നു. എന്നാൽ ഇനി ഇവരെയെല്ലാം ഒന്നിച്ച് ഒരു വിഡിയോയിൽ കാണാം മഡോണയുടെ ഏറ്റവും പുതിയ സിംഗിൾ ബിച്ച് ഐ ആം മഡോണ എന്ന ഗാനത്തിന് വേണ്ടിയാണ് ഇവരെല്ലാം ഒന്നിച്ചിരിക്കുന്നത്. മഡോണയും, തോമസ് വെസ് ലി, ടോബി ഗാഡും ചേർന്ന് എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മഡോണയും റാപ്പർ നിക്കി മിനാജും ചേർന്നാണ്. മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ ട്രൈഡലിലൂടെയാണ് മഡോണ പുതിയ ഗാനത്തിന്റെ വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. യൂട്യൂബിലൂം വിവോയിലും ഗാനത്തിന്റെ വിഡിയോ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

മഡോണയുടെ പുതിയ ആൽബം റിബൽ ഹേർട്ടിലെയാണ് ബിച്ച് ഐ ആം മഡോണ എന്ന ഗാനം. നേരത്തെ ആൽബത്തിലെ ഗോസ്റ്റ് ടൗൺ, ലിവ് ഫോർ ലൗ തുടങ്ങിയ ഗാനങ്ങളുടെ വിഡിയോ പുറത്തിറക്കിയിരുന്നു. ലിവ് ഫോർ ലൗവ് ഇതുവരെ 1.5 കോടി ആളുകളും ഗോസ്റ്റ് ടൗൺ ഇതുവരെ 1 കോടി ആളുകളുമാണ് യൂട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ എംഡിഎൻഎക്ക് ശേഷം പുറത്തിറക്കുന്ന ആൽബമാണ് റിബൽ ഹേർട്ട്.

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം പുറത്തിറക്കിയ ആൽബത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പതിനാല് ഗാനങ്ങളുടെ ആൽബത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. റിബൽ ഹാർട്ടിലൂടെ ഏറെ വിവാദങ്ങളും താരം സൃഷ്ടിച്ചിരുന്നു. ആൽബത്തിന്റെ പ്രചരണത്തിനായി മാർട്ടിൻ ലൂഥർ കിംഗ്, നെൽസൺ മണ്ടേല, ബോബ് മാർലി എന്നിവരുടെ ചിത്രങ്ങൾ വികൃതമാക്കി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. റിബൽ ഹാർട്ടിന്റെ കവറുപോലെ തോന്നിക്കുന്ന രീതിയിൽ ഇവരുടെ മുഖം കെട്ടിവരിഞ്ഞ നിലയിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പിന്നീട് മഡോണ മാപ്പ് പറഞ്ഞതോടെയായിരുന്നു വിവാദങ്ങൾ കെട്ടടങ്ങിയത്.

ലോകത്തിലെ വനിതാസംഗീതജ്ഞരിൽ ഏറ്റവും പ്രഗത്ഭയായ താരമായ മഡോണ ഗാനരചയിതാവ്, സംഗീത നിർമ്മാതാവ്, നർത്തകി, അഭിനേത്രി, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ്. തന്റെ ഗാനങ്ങളിൽ രാഷ്ട്രീയ, ലൈംഗിക, മത വിഷയങ്ങൾ ഉപയോഗിച്ച് സാമൂഹിക വിമർശനം നടത്തുന്ന മഡോണ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. 2000ൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ വിറ്റിട്ടുള്ള വനിതാ താരം എന്ന പേരിൽ ഗിന്നസ് വേൾഡ് റെക്കോഡ്സിൽ കയറിയ മഡോണ ഏകദേശം 300 ദശലക്ഷം ആൽബങ്ങൾ ലോകത്താകെമാനം വിറ്റിട്ടുണ്ട്. ബിൽബോർഡ് മാസിക ലോകത്തെ ഏറ്റവും മികച്ച 100 പോപ്പ് താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ ബീറ്റിൽസിനു കീഴിൽ രണ്ടാം സ്ഥാനത്തെത്തിയ ഗായികയാണ് മഡോണ.