മിടുക്കി ഇടുക്കിയ്ക്ക് കൂട്ടായി മഹേഷിന്റെ പ്രതികാരത്തിലെ ഗാനങ്ങളെത്തി

മല മേലെ തിരവച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകം പെണ്ണല്ലേ ഇടുക്കിയെന്ന പാട്ടിന്‍റെ കൂട്ടുകാരെത്തി. മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലെ എല്ലാ പാട്ടുകളും പുറത്തിറങ്ങി. ബിജിബാലും റഫീഖ് അഹമ്മദും സന്തോഷ് വർമയും ചേർന്നാണ് മഹേഷിന്റെ പ്രതികാരത്തിന് സംഗീതമൊരുക്കിയത്. യാഥാര്‍ഥ്യങ്ങൾക്കു നേരെ കാണാക്കാഴ്ചകൾക്കു നേരെ റഫീഖ് അഹമ്മദ് പേന ചലിപ്പിച്ചപ്പോൾ ഈണം പകരുന്നതിൽ ബിജിബാലും പൂര്‍ണത വരുത്തി.

ഇടുക്കിയെ കുറിച്ചുള്ള പാട്ടാണ് ആദ്യം പുറത്തിറങ്ങിയത്. ഇടുക്കിയുടെ ദൃശ്യഭംഗിയേയും അവിടത്തെ ജീവിതങ്ങളേയും കുറിച്ചുള്ള പാട്ട് വൻ ശ്രദ്ധ നേടി. ബിജിബാൽ തന്നെയാണ് ഈ പാട്ട് പാടിയതും. ചെറുപുഞ്ചിരി എന്നതാണ് മറ്റൊരു ഗാനം. ബിജിബാലും നിഖിൽ മാത്യുവും ചേർന്നുപാടുന്നു. ഈ ഗാനം എഴുതിയത് സന്തോഷ് വർമയാണ്. തെളിവെയിലഴകും..മഴയുടെ കുളിരും മണ്ണിൽ ചേർന്നുണരുന്ന സംഗീതം...എന്നതും പ്രകൃതിപോലെ സുന്ദരമായ മറ്റൊരു ഗാനം. സുദീപ് കുമാറും സംഗീത ശ്രീകാന്തും ചേർന്നു പാടിയ പാട്ടാണിത്. വിജയ് യേശുദാസും അപർണ ബാലമുരളിയും പാടിയ മൗനങ്ങൾ മിണ്ടുമൊരീ നേരത്തും വ്യത്യസ്തമായൊരീണം തന്നെ. മെലഡി പാട്ടുകളുടെ ‌വൈവിധ്യതയാണ് മഹേഷിന്റെ പ്രതികാരം നമുക്ക് സമ്മാനിക്കുന്നത്.

ഫഹദ് ഫാസിലും അനുശ്രീയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഖ് അബു നിർമ്മിക്കുന്ന ചിത്രമാണിത്. ദിലീഷ് പോത്തനാണ് സംവിധാനം. ശ്യാം പുഷ്കരനാണ് എഴുതിയത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.