മാൽഗുഡി ശുഭ വീണ്ടുമെത്തി, ചാർളിക്കു വേണ്ടി!

നിലാപൊങ്കൽ ആയേലോ എന്ന പാട്ട് ഓർമയുണ്ടോ. ഇരുട്ട് നിറഞ്ഞ മലയിടുക്കുകളിൽ നിന്ന് നാട്ടുവഴികൾ‌ക്ക് ആരോ പാടിക്കൊടുത്ത പാട്ട്. അകലങ്ങളിലേക്ക് മനസിനെ കൊണ്ടുപോകുന്ന പാട്ട്. തേൻമാവിൻ കൊമ്പത്ത് എന്ന ലാൽ ചിത്രത്തിലെ പ്രശസ്തമായ ഈ ഗാനം പാടിയത് മാൽഗുഡി ശുഭയാണ്. ഏറെക്കാലത്തിനു ശേഷം മലയാളം വീണ്ടും ഹിറ്റ് ഗാനവുമായി എത്തിയിരിക്കുകയാണ് മാൽഗുഡി ശുഭ. വലിയ ശബ്ദത്തിന്റെ ചേലെന്നാണെന്ന് പറഞ്ഞുതന്ന മാൽഗുഡി ശുഭയുടെ അകലെയെന്ന പാട്ടു തന്നെയാണ് ദുൽഖർ സൽമാന്റെ പുതിയ ചിത്രം ചാർളിയിലെ പ്രത്യേകതകളിലൊന്നും. തേൻമാവിൻ കൊമ്പത്തിലെ ആ പാട്ടുപോലെ ഇന്ന് നമ്മൾ അകലെയെന്ന പാട്ട് ഏറ്റുപാടുന്നു.

ചാർലിയിലെ അകലെയെന്ന പാട്ടിൽ ആഫ്രിക്കൻ സംഗീതത്തിന്റേ ചേരുവകൾ ചേർത്തിട്ടുണ്ട്. ഉസ്താദ് ഹോട്ടലിലെ പാട്ടിന് സ്പാനിഷ് സംഗീതത്തിന്റെ ഈണങ്ങളെയാണ് ഉപയോഗിച്ചത്. ഇവിടെ ആഫ്രിക്കൻ ശൈലിയേയും. പാട്ടിന് ഒരു വ്യത്യസ്തത തോന്നുന്നുവെങ്കിൽ കാരണം അതുതന്നെയാണ്. നമ്മുടെ നാടൻ ഈണത്തിൽ അഫ്രോ സംഗീതം കൂട്ടിച്ചേർത്ത പാട്ടാണ് അകലെ. മാൽഗുഡി ശുഭയെ പത്തു വർഷത്തിലേറെയായി എനിക്കറിയാം. ശുഭ അക്കയുടെ ശബ്ദം ഈ പാട്ടിന് ചേരുമെന്ന് തോന്നിയതുകൊണ്ടാണ് അവരെ വിളിച്ചത്. അതിമനോഹരമായി അക്ക ആ പാട്ടുപാടി. സംഗീത സംവിധായകൻ ഗോപീ സുന്ദർ പറഞ്ഞു.

നാടൻചേലിന്റെ നിഷ്കളങ്കത്വമുള്ള അനുകരണങ്ങൾക്കപ്പുറത്തുള്ള ശബ്ദമാധുരിയുടെ അവകാശിയാണവർ. ഗായികയുടെ ശബ്ദമെന്തായിരിക്കണമെന്ന പറഞ്ഞുവയ്ക്കലുകളെ അസാമാന്യമായ ശബ്ദവ്യതിയാനങ്ങളിലൂടെ മാറ്റിക്കളഞ്ഞ മാൽഗുഡി ശുഭ. ജീംഗിളുകൾ പാടിക്കൊണ്ട് പാട്ടുലോകത്തേക്ക്. രണ്ടു ദശാബ്ദം കൊണ്ട് പാടിത്തീർത്തത് മൂവായിരത്തോളം ഗാനങ്ങള്‍. ജിംഗിളുകൾ പാടിയത് ഇരുപത്തിയാറ് ഭാഷകളിൽ. ശുഭയുടെ മറ്റെല്ലാ പാട്ടുകളേയും പോലെ വ്യത്യസ്തമായ ഈണത്തെ ഇഷ്ടപ്പെടുന്ന ഓരോ പാട്ടു പ്രേമിയും അകലെയെന്ന പാട്ടും ആസ്വദിക്കുന്നു.‌.. കേട്ടുമതിവരാതെ.