മഞ്ജരി സംഗീത സംവിധായകയാകുന്നു

മലയാള സിനിമയ്ക്ക് മികച്ച ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഗായികയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം അച്ചുവിന്റെ അമ്മയിലെ ശ്വാസത്തിൻ താളം തെന്നലറിയുമോ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച മഞ്ജരി സംഗീത സംവിധായികയാകുന്നു. പഴനിയിലെ കനകം എന്ന ചിത്രത്തിന് വേണ്ടിയാണ് മഞ്ജരി സംഗീതം പകരുന്നത്. പ്രശസ്ത തിരക്കഥകൃത്ത് കലൂർ ഡെന്നിസിന്റെ പഴനിയിലെ കനകം എന്ന ചെറുകഥയെ ആധാരമാക്കി അതേ പേരിൽ തന്നെ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ പുരസ്കാര ജേതാവായ നടി മല്ലികയാണ്.

സിനിമതാരത്തിന്റേയും അവരുടെ ഡ്യൂപ്പിന്റേയും കഥയാണ് ചിത്രം പറയുന്നത്. യമുനാ ദേവി എന്ന സിനിമാ താരമായി ഭാവന എത്തുമ്പോൾ ഡ്യൂപ്പായ കനകം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായികയായ മല്ലികയാണ്. പെണ്ണിനെ ഭോഗവസ്തുവായി മാത്രം കാണുന്ന പുരുഷന്മാർ കാരണം കനകം അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ആഘാതമാണ് ചിത്രത്തിന്റെ പ്രമേയം. കലൂർ ഡെന്നീസാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും. ഒറ്റപ്പാലം, പഴനി, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.