ബാഹുബലിയെ വെല്ലാൻ ഉലകനായകൻ; മരുതുനായകത്തെ കാണൂ

ഉലകനായകൻ കമൽഹാസന്റെ സ്വപ്ന ചിത്രം മരുതനായകത്തിലെ ഫ്രെയിമുകൾ കാണാൻ കൗതുകത്തോടെ കാത്തിരിക്കുകയല്ലേ. ഇതാ ചിത്രത്തിലെ ആദ്യ ഗാനമെത്തിയിരിക്കുന്നു. ബ്രഹ്മാണ്ഡമെന്ന വാക്കിൽ ഒതുങ്ങില്ല ഈ പാട്ടിന്റെ രംഗങ്ങൾ. ബാഹുബലിയെ പോലും വെല്ലുന്ന ഗാനചിത്രീകരണം. ഇളയരാജയുടേതാണ് ഈണം. തമിഴ് മണ്ണിന്റെ ശ്വാസത്തിൽ നിന്ന് രാജഗീതങ്ങളുടെ ചക്രവർത്തി ഇളയരാജ തീർത്ത മറ്റൊരു സംഗീതചരിത്രമാണ് ഈ ഗാനം.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് നിർമാണവും. രവി കെ ചന്ദ്രനാണ് ഛായാഗ്രഹണം. നാസർ, സത്യരാജ്, പശുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെള്ളിത്തിരയിൽ നടനവിസ്മയ കമൽഹാസൻ രചിക്കുന്ന മറ്റൊരു ഇതിഹാസം തന്നെയാകുമിതെന്ന് പറയുന്നു ഈ പാട്ട്. ഇളയരാജ തന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തുവിട്ടത്.

മരുതനായകമെന്ന ചിത്രം യാഥാര്‍ഥ്യമാകുന്നതു തന്നെ നാടകീയതകളിലൂടെയാണ്. 1997ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രീകരണത്തിന്റെ ഉദ്ഘാടനത്തിന് എലിസബത്ത് രാജ്ഞി പങ്കെടുത്തിരുന്ന്. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർ‌ത്തിയായില്ല. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. അന്ന് നൂറ് കോടി രൂപയായിരുന്നു സിനിമയുടെ ബഡ്ജറ്റ്.