സാക്കീർ ഹുസൈൻ പറഞ്ഞു, ‘ഇതെന്റെ പുണ്യം’

മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ഉസ്താദ് സാക്കിർ ഹുസൈനും

പെരുവനം നടവഴികളിൽ ആർത്തലച്ചു പെയ്യാറുള്ള പൂരപെരുമഴയ്ക്കു ശേഷമുള്ള ശാന്തതയു‌ടെ സുഖത്തിലെന്നപോലെ സാക്കീർ ഹുസൈൻ കണ്ണടച്ചിരുന്നു. പിന്നെ വിരലകളിലേക്കു നോക്കി പറഞ്ഞു, ‘എന്റെ മനസ്സിലിപ്പോഴും ഈ ഗ്രാമത്തിന്റെ താളപ്പെരുമ പെരുകി പെരുകി വരികയാണ്.ഞാനിവിടെ ഒന്നുമില്ല. ’ പെരുവനത്തെ സ്വർഗ്ഗ തുല്യമായ തബല വാദനത്തിനു ശേ‌ഷം അദ്ദേഹം മനോരമയോടു സംസാരിച്ചു. സാക്കീർ ഈ ഗ്രാമത്തിലേക്കു വന്നതു പ്രതിഫലവും യാത്രാക്കൂലിയും വാങ്ങാതെയാണ്. ഗ്രാമത്തിൽ കാലു കുത്തിയ നിമിഷം ഈ മണ്ണു തൊട്ടു മൂർദ്ദാവിൽവച്ചു സാക്കീർ പറഞ്ഞു, ‘ഇതെന്റെ പുണ്യം’.

സാക്കീർ ഹുസൈൻ പറഞ്ഞു, ‘കൊച്ചിയിൽ എത്തുമ്പോഴേക്കുതന്നെ ഞാൻ വല്ലാതെ ക്ഷീണിച്ചിരുന്നു. യാത്രയുടെ ക്ഷീണം വല്ലാതെ തോന്നിയിരുന്നു. ഇവിടെ എത്തുമ്പോഴും നല്ല ക്ഷീണം തോന്നി. കസേരയിൽ ഇരിക്കുമ്പോഴും ഞാൻ ക്ഷീണിച്ചു വല്ലാതായിരുന്നു. അല്ലേ, ​അന്റോണിയ, അദ്ദേഹം ഭാര്യയോടു ചോദിച്ചു. അവരും പറഞ്ഞു. അതെ സാക്കീർ വല്ലാതെ ക്ഷീണിച്ചിരുന്നു.

പാണ്ടിമേളത്തിന്റെ താളം ചെണ്ടയിൽ പെരുക്കിത്തുടങ്ങിയതോടെ ഞാൻ വല്ലാത്തൊരു ലോകത്തായി. അത് വൈദ്യുതിപോലെ എന്നിലേക്ക് വരികയായിരുന്നു. നിമിഷങ്ങൾക്കകം ഞാൻ ചാർജ്ജായി. അത്യപൂർവ്വമായൊരു അനുഭവമായിരുന്നു ആ ശക്തി സംഭരിക്കൽ. എന്റെ ഹൃദയത്തിലെ പിടിച്ചുലച്ച നിമിഷങ്ങളായിരുന്നു അത്. അതോടെ ഞാൻ മനസ്സു നിറയെ വായിക്കാൻ തീരുമാനിച്ചു. സാക്കീർ പറഞ്ഞു.

വേദിയിൽ എത്തിയാൽ ഞാൻ ക്ഷീണം അറിയാറില്ല. പെരുവനമൊരു പുണ്യഭൂമിയാണ്. ഓരോ കണികയും താളമുള്ള പുണ്യഭൂമി. അവിടെ ഇരിക്കുമ്പോൾ ഞാൻ ചുറ്റും കണ്ടതു എന്റെ ഗുരുപരമ്പരയുടെ അനുഗ്രഹമാണ്. ചു‌റ്റിലും ഇത്രയേറെ വലിയ ഗുരുക്കന്മാരെ ഇരുത്തി അതിനിടയിൽ ഇരിക്കാൻ സാക്കീർ ആരുമല്ല. പക്ഷെ ഇവിടെ കണ്ട ഗുരുപരമ്പരയുടെ അനുഗ്രഹം എനിക്കുള്ള അനുഗ്രഹമാണ്. പരിപാടി നടത്തിയ ഈ പഴയ സ്കൂളിനു പോലും എന്നിലേക്കു എന്തോ ശക്തി പകരാർ കഴിഞ്ഞു. സദസ്സിന്റെ ഓരോ ഇഞ്ചിലും താളത്തെ സ്നേഹിക്കുന്നവർ. സ്കൂളിനു പുറത്തു സ്ക്രീനിൽ ഇതു കാണാനായി കാത്തുനിന്ന എത്രയോ പേർ. അവരെല്ലാം സ്നേഹിച്ചത് താളത്തെയാണ്. ഇങ്ങിനെയൊരു ഗ്രാമം എവിടെയുണ്ടാകൂം.. എത്രയോ പേർ മണിക്കൂറുകളോളം ഇരിപ്പിടമില്ലാതെ നിന്നതോർക്കുമ്പോൾ ആ സ്നേഹം ഞാൻ തിരിച്ചറിയുന്നു. എന്തോ ദൈവീകമായ ഒരു ഊർജ്ജം ഇവിടെ എല്ലാം നിറഞ്ഞു നിൽപ്പുണ്ട്. അതാണു എന്നെക്കൊണ്ടു ഇവിടെ ഇത്രയേറെ സമയം വായിപ്പിച്ചത്. സാക്കീർ ഹൂസൈൻ സംസാരിച്ചതു വാക്കുകൾ മുറിച്ചു വളരെ ശ്രദ്ധിച്ചാണ്. വളരെ വികാരീധീനനായിരിക്കുന്നു..

എല്ലാം കഴിഞ്ഞു ഇവിടെ ഇരിക്കമ്പോഴും എനിക്കു വാക്കുകൾ കിട്ടുന്നില്ല. എന്നിലേക്കു വന്ന ശക്തി ഓരോ കണികയിലും നിറയുകയാണ്. അത്യപൂർവ്വമായി മാത്രമെ ഇത്തരം അനുഭവങ്ങൾ ഉണ്ടാകൂ. ഇവിടെ എത്തുമ്പോഴും ഈ ഗുരക്കന്മാരെ കാണുമ്പോഴും എനിക്കറിയാം ഞാനിനിയും ഏറെ പഠിക്കാനുണ്ടെന്ന്. അതിനുവേണ്ടിയാണു ഇവിടെ എന്നെ കൊണ്ടുവന്നത്.

വേദിയിൽ എത്തുന്നതിനു മുൻപുതന്നെ ശരീരം നന്നായി വിയർക്കുന്നുണ്ടായിരുന്നു. ബക്കറ്റു കണക്കിനാണു വിയർത്തത്. സഹിക്കാനാകാത്ത ചൂടായിരുന്നു. തബലയിൽ ഇടുന്ന പൗഡർ വിയർപ്പുകൊണ്ടു തബലയിൽ ഒട്ടിപ്പിടിച്ചിരുന്നു. അപ്പോൾ വായിക്കുക പ്രയാസമാണ്.

ഞാൻ നനഞ്ഞു കുതിർന്നിരുന്നു. പക്ഷെ അതെല്ലാം മറന്നതു ഈ ഗ്രാമത്തിന്റെ താള പാരമ്പര്യത്തിൽ ഞാനും അലിഞ്ഞതുകൊണ്ടാണ്. ഇപ്പോൾ ഞാനും അതിന്റെ ഭാഗമായിരിക്കുന്നു. സാക്കീർ ഹുസൈൻ പറഞ്ഞു.

കച്ചേരിക്കു ശേഷം സാക്കീർ ചിറ്റൂർ മനയിലാണു ഭക്ഷണത്തിനെത്തിയത്. ഇലയിൽ നിറഞ്ഞ സദ്യ വിഭവ‌ങ്ങൾ ഏതെന്നു ചോദിച്ചറിഞ്ഞു. ഇത്രയേറെ പുളിയിഞ്ചിലും കടുമാങ്ങയും ഇഞ്ചിത്തൈരും വിളമ്പിയപ്പോൾ ഇത്രയേറെ അച്ചാറുകൾ എന്തിനെന്നു സംശയം. ഓരോ രുചിയിൽനിന്നും തൊട്ടടുത്ത രുചിയിലേക്കു മാറാനുള്ളതാണു ഇവയെന്ന ഉത്തരം സ്വയം കണ്ടെത്തി. ആയുർവേദ ചികിത്സയെക്കുറിച്ചും കേരളത്തിലെ പഴയകാല സൗഹൃദങ്ങളെക്കുറിച്ചും സംസാരിച്ചു. രാത്രി 12നു ഇറങ്ങുന്നതിനു മുൻപു തന്നെ ഒരു പകൽ മുഴുവൻ കൊണ്ടുനടന്ന ഡ്രൈവർമാർക്കുപോലും പ്രത്യേകം നന്ദി പറഞ്ഞു. വാഹനത്തിൽ കയറുന്നതിനു മുൻപു തന്നെ പെരുവനത്തെത്തിച്ച കേളി രാമചന്ദ്രനെ മാറോടു ചേർത്തു നിർത്തി. വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി വാഹനത്തിൽ കയറി. വഴിയോരത്ത് അപ്പോഴും ചിലർ കൈകൂപ്പി കാത്തുനിന്നിരുന്നു. മേളക്കലാശം കഴിഞ്ഞിട്ടും ചെവിയിലെ മുഴക്കം ബാക്കിയാകുന്നതുപോലെ തബലയുടെ സംഗീതം പെരുവനത്തിന്റെ ആകാശത്തു ബാക്കിയാകുന്നു. ക്ഷേത്ര മുറ്റത്തെ ആലിലകൾ സാക്കീ‌റിന്റെ വിരലുകളെന്നപോലെ വിറയ്ക്കുന്നു,കാറ്റു കൊടുങ്ങാറ്റാക്കുന്നു.