മൈലി സൈറസ് സെക്സിയസ്റ്റ് വെജിറ്റേറിയൻ

പെറ്റയുടെ (പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) സെക്സിയസ്റ്റ് വെജിറ്റേറിയൻ 2015 നായി പോപ്പ് ഗായിക മൈലി സൈറസിനെ തിരഞ്ഞെടുത്തു. നൂറ് പേരടങ്ങുന്ന ലിസ്റ്റിൽ നിന്നാണ് മൈലിയെ തിരഞ്ഞെടുത്തതെന്നാണ് പെറ്റ അറിയിച്ചിരിക്കുന്നത്. അരിയാന ഗ്രാന്റേ, എല്ലി ഗ്ലോഡിങ്, പ്രിൻസ് തുടങ്ങിയ പ്രശസ്ത വേജിറ്റേറിയനുകളെ പിന്തള്ളിയാണ് താരം ഒന്നാമതെത്തിയത്.

താൻ വെജിറ്റേറിയാനണെന്ന് സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിലൂടെ ആരാധകരെ അറിയിച്ച മൈലി തന്റെ വളർത്തു മത്സ്യം ചത്തതിനെത്തുടർന്ന് അതിനുവേണ്ടി ഒരു ഗാനം റിക്കൊർഡ് ചെയ്തിരുന്നു. ഇതൊക്കെയാണ് മൈലിയെ സെക്സിയസ്റ്റ് വെജിറ്റേറിയനായി തിരഞ്ഞെടുക്കാനുള്ള കാരണമെന്നാണ് പെറ്റ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചത്.

അശ്ലീലം നിറഞ്ഞ തലതിരിഞ്ഞ പ്രകടനങ്ങളുടെ പേരിൽ ഏറെ വിവാദങ്ങളും ആക്ഷേപങ്ങളും കേട്ടിരുന്ന മൈലി ഇപ്പോൾ തന്റെ മനുഷ്യത്വപരമായ നീക്കങ്ങളിലൂടെയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. തന്റെ വളർത്ത് മത്സ്യത്തിന് വേണ്ടി പാട്ടെഴുതിയും, ലോസ് ആഞ്ചലസിലെ തെരുവിൽ അലയുന്ന യുവാക്കൾക്കായി ഫൗണ്ടേഷൻ രൂപീകരിച്ചും മൈലി ശ്രദ്ധ നേടിയിരുന്നു.

അമേരിക്കൻ യുവപോപ്പ് താരങ്ങളിൽ പ്രമുഖയാണ് മൈലി സൈറസ്. ഡിസ്നിയുടെ ഹന്ന മൊണ്ടേന പരമ്പരയിലൂടെ പ്രശസ്തയായ മൈലി, മീറ്റ് മൈലി സൈറസ്, ബ്രേക്കൗട്ട്, കാന്റ് ബി ടാമിഡ്, ബാങേഴ്സ് എന്നിങ്ങനെ നാല് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ബിൽബോർഡ് മ്യൂസിക്ക് പുരസ്കാരങ്ങൾ, ഒരു എംടിവി വിഎംഎ പുരസ്കാരം, 17 ടീൻ ചോയ്സ് പുരസ്കാരം, 4 വേൾഡ് മ്യൂസിക് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ മൈലിയെ തേടി എത്തിയിട്ടുണ്ട്.