ട്രംപ് ജയിച്ചാൽ നാടുവിടുമെന്നു പറഞ്ഞ ഗായിക ഇപ്പോൾ

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീർത്തും അപ്രതീക്ഷിതമായ വിജയമായിരുന്നു ഡൊണാൾഡ് ട്രംപിന്റേത്. ടെക് ലോകത്തേയും കലാ രംഗത്തേയും പല പ്രമുഖരും ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഗായിക മിലേ സൈറസ് പറഞ്ഞത് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകുകയാണെങ്കിൽ രാജ്യം വിടുമെന്നായിരുന്നു. ഗായികമാരായ കാത്തി പെറിയും മഡോണയും ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രചരണമാണ് ട്രംപിന്റെ എതിരാളി ഹിലരി ക്ലിന്റണു വേണ്ടി നടത്തിയത്. ട്രംപ് ജയിച്ചു കഴിഞ്ഞപ്പോൾ എന്താണ് ഇവരുടെ പ്രതികരണം എന്നറിയുവാൻ കാത്തിരിക്കുകയാണ് അമേരിക്കയും ലോകവും.

മിലേ സൈറസ് തന്റെ ട്വിറ്റർ പേജിലെത്തി വിഡിയോയിലൂടെ മറുപടി നൽകി. കരഞ്ഞുകൊണ്ട് വികാര നിർഭരമായിട്ടായിരുന്നു ഗായികയുടെ മറുപടി. ട്രംപ് ഒഴികെയുള്ള ബാക്കിയെല്ലാ സ്ഥാനാർഥികൾക്കും വേണ്ടിയും സംസാരിച്ചിരുന്നു. പക്ഷേ ഞാനിപ്പോഴും വിശ്വസിക്കുന്നു അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകുവാനുള്ള എല്ലാ യോഗ്യതയും ഹിലരിക്ക് ഉണ്ടായിരുന്നുവെന്ന്. ട്രംപ് പറഞ്ഞതു പോലെ അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അത് അദ്ദേഹത്തിനു ലഭിച്ചു. അതുകൊണ്ട് അദ്ദേഹത്തെ അമേരിക്കയുടെ പ്രസിഡന്റ് ആയി അംഗീകരിക്കുന്നു. എന്നാണ് മിലേ സൈറസ് പറഞ്ഞത്. 

തന്റെ പ്രഖ്യാപനത്തിൽ നിന്ന് ഒഴിഞ്ഞു മാറാതെ മറുപടി പറഞ്ഞ സൈറസിന്റെ പോസ്റ്റിനു താഴെ റി ട്വീറ്റുകളുടെ ബഹളമാണ്. പ്രചരണത്തിനിടയിൽ മിലേ സൈറസ് പറഞ്ഞ വാക്കുകൾ പോലെ ചൂടുപിടിക്കുകയാണ് ഈ മറുപടിയും.