എംടിവി അവാർഡ് നിശയിൽ അവതാരികയാവാൻ മൈലി

കഴിഞ്ഞ വർഷത്തെ എംടിവി വിഡിയോ മ്യൂസിക്ക് പുരസ്‌കാരത്തിലെ താരമായിരുന്നു മൈലി സൈറസ്. പുരസ്‌കാരം കരസ്ഥമാക്കുക മാത്രമല്ല, ജസി എന്ന തെരുവ് യുവാവിനെ പുരസ്‌കാരം ഏറ്റുവാങ്ങുവാൻ സ്റ്റേജിൽ എത്തിച്ചും, സമ്മാനമായി ലഭിച്ച തുക തെരുവിൽ അലയുള്ള യുവാക്കൾക്കായി സമർപ്പിച്ചും എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റി മൈലി. ഈ വർഷവും എംടിവി വിഎംഎ പുരസ്‌കാര വേദി കൈയടക്കാൻ ഒരുങ്ങുകയാണ് താരം, എന്നാൽ ഇത്തവണ പുരസ്‌കാരനിശയിലെ അവതാരികയായാണെന്ന് മാത്രം.

ആഗസ്റ്റ് 30 ന് നടക്കുന്ന അവാർഡ് നിശയിൽ താനായിരിക്കും അവതാരിക എന്ന് താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. 'എംടിവി എന്നെ പുരസ്‌കാരനിശയിൽ പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചില്ല അതുകൊണ്ട് ഞാനാണ് ഇത്തവണ പുരസ്‌കാരദാന ചടങ്ങിലെ അവതാരിക' എന്നാണ് താരം ഇന്റസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

അമേരിക്കൻ യുവപോപ്പ് താരങ്ങളിൽ പ്രമുഖയാണ് മൈലി സൈറസ്. ഡിസ്‌നിയുടെ ഹന്ന മൊണ്ടേന പരമ്പരയിലൂടെ പ്രശസ്തയായ മൈലി, മീറ്റ് മൈലി സൈറസ്, ബ്രേക്കൗട്ട്, കാന്റ് ബി ടാമിഡ്, ബാങേഴ്‌സ് എന്നിങ്ങനെ നാല് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. രണ്ട് ബിൽബോർഡ് മ്യൂസിക്ക് പുരസ്‌കാരങ്ങൾ, ഒരു എംടിവി വിഎംഎ പുരസ്‌കാരം, 17 ടീൻ ചോയ്‌സ് പുരസ്‌കാരം, 4 വേൾഡ് മ്യൂസിക് പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ മൈലിയെ തേടി എത്തിയിട്ടുണ്ട്.