ചെന്നൈ ∙ പ്രശസ്ത സംഗീത സംവിധായകൻ രാജാമണി (60) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് രാത്രി എട്ടരയോടെ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ആദ്യകാലത്തെ പ്രമുഖ സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥിന്റെ മകനാണ്.
മൂന്നു പതിറ്റാണ്ടിലേറെയായി സിനിമാ സംഗീത രംഗത്തു സജീവ സാന്നിധ്യമായിരുന്നു. 1985ൽ ‘നുള്ളി നോവിക്കാതെ’ എന്ന സിനിമയിലെ ‘ഈറൻ മേഘങ്ങൾ’ എന്ന ഗാനത്തിലൂടെ സംഗീത സംവിധാന രംഗത്ത് എത്തിയ അദ്ദേഹം പിന്നീട് പശ്ചാത്തലസംഗീത രംഗത്തു സജീവമാകുകയായിരുന്നു. നൂറ്റമ്പതിലേറെ ഗാനങ്ങൾക്ക് ഈണം പകരുകയും എഴുനൂറിലേറെ സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, തുളു, ഉറുദു, ഒറിയ തുടങ്ങിയ ഭാഷകളിലും സംഗീതമൊരുക്കി.
‘ആറാം തമ്പുരാന്റെ’ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. ‘ഇൻ ദ് നെയിം ഓഫ് ബുദ്ധ’ എന്ന ഇംഗ്ലിഷ് സിനിമയുടെ പശ്ചാത്തലസംഗീതത്തിനു മൂന്നു രാജ്യാന്തര അവാർഡുകളും ‘നന്ദനം’, ‘ശാന്തം’ എന്നിവയ്ക്ക് ഫിലിം ക്രിട്ടിക്സ് അവാർഡുകളും ലഭിച്ചിട്ടുണ്ട്.
മുൻ ബാസ്കറ്റ് ബോൾ താരം ബീനയാണു ഭാര്യ. മകൻ അച്ചു രാജാമണിയും സംഗീത സംവിധാന രംഗത്തു സജീവമാണ്. മറ്റൊരു മകൻ ആദിത്യ അഭിഭാഷകനാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.