Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവം ഈ ഗുരു-ശിഷ്യ ബന്ധം

balamurali-krishna-sarath ഗുരു ബാലമുരളീ കൃഷ്ണയ്ക്കൊപ്പം ശരത്

മദ്രാസിലേക്കു വണ്ടി കയറുമ്പോൾ ശരത് എന്ന കൊല്ലംകാരനു വള്ളിനിക്കറിനെക്കാൾ വലിയ പ്രായക്കൂടുതലില്ലായിരുന്നു. പക്ഷേ, ഡോ. എം. ബാലമുരളികൃഷ്‌ണ എന്ന ഗുരു കാത്തിരുന്നു. ഒൻപതാം വയസ്സിൽ അമൃതവർഷിണി രാഗം പാടി ശരത് ഗുരുവിനെ വിസ്‌മയിപ്പിച്ചിട്ട് ഇരുപതു വർഷം കഴിഞ്ഞു. ഇന്നും ബാലമുരളീകൃഷ്‌ണയ്‌ക്ക് ഇതിൽപ്പരം പ്രിയപ്പെട്ട ശിഷ്യനില്ല. ശരത്തിനു ഗുരുവില്ലാതൊരു ജീവിതവുമില്ല. 

അമ്മയിൽനിന്ന് ആദ്യമേ പഠിച്ചതു കീർത്തനം. പിന്നെയാണ് അമ്മാവൻ രാജൻലാലിന്റെയടുത്തു സ്വരസ്‌ഥാനമുറപ്പിച്ചു പഠിക്കുന്നത്. ആകെ സംഗീതം ശ്രുതിഭേദങ്ങളോടെ മുഴങ്ങിയ വീട്ടിൽ വഴിമാറിയൊരു ചിന്തപോലും ശരത്തിന് അസാധ്യമായിരുന്നു. 

‘‘പാട്ടുതന്നെയായിരുന്നു എന്റെ പഠനം. ഉഴപ്പിനും കുറവില്ലായിരുന്നു. പാടുന്നു എന്ന മട്ടിൽ പഠിക്കാതിരിക്കുക. പഠിക്കുന്നു എന്ന മട്ടിൽ പാടാതെയുമിരിക്കുക. പ്രീഡിഗ്രിക്കു ഫാത്തിമമാതാ കോളജിൽ പോയതു പൊറോട്ടയും മട്ടനും കഴിക്കാൻ മാത്രമാണ്’’ - റിയാലിറ്റി ഷോയിലെ വിധിനിർണയംപോലെ രസം കലർത്തിയാണു ശരത്തിന്റെ സംസാരമത്രയും. ഒന്നും ഗൗരവമല്ലെന്നു തോന്നും. 

പക്ഷേ, പതിനേഴാം വയസ്സിൽ ആദ്യത്തെ ആൽബവും പത്തൊൻപതാം വയസ്സിൽ ആദ്യമായി സിനിമയ്‌ക്കു സംഗീതവും നൽകാൻമാത്രം പാട്ട് അസ്‌ഥിയിലലിഞ്ഞിരുന്നു. ബാലമുരളീകൃഷ്‌ണയെന്നതു ബാധ പോലെയായിരുന്നു വീട്ടിൽ. അച്‌ഛൻ വാസുദേവനും അമ്മയ്‌ക്കും അമ്മാവൻമാർക്കുമൊക്കെ. 

കൊല്ലം അമ്മച്ചിവീട്ടിൽ ക്ഷേത്രത്തിൽ കച്ചേരിക്കു വന്ന ബാലമുരളീകൃഷ്‌ണയ്‌ക്കു മുന്നിൽ ശരത്തിനെ കൊണ്ടുപോകുന്നത് അമ്മാവൻ ഷാജിയാണ്. അമൃതവർഷിണിയിൽ ‘ആബാലഗോപാലം’ എന്ന വർണം പാടിക്കഴിഞ്ഞപ്പോഴാണ് ശരത്തിന്റെ ജീവിതത്തിൽ ആയിരം വർണങ്ങൾ നിറച്ച ആ ക്ഷണം: ‘‘ഇവനെ എന്റെയടുത്തു പഠിപ്പിക്കാം’’ മുത്തച്‌ഛൻ വിട്ടില്ല. പ്രീഡിഗ്രിയെങ്കിലുമില്ലാതെ പോവേണ്ടെന്ന്. പ്രീഡിഗ്രി ഒന്നാം വർഷം കഴിഞ്ഞ് ശരത് മദ്രാസിലേക്കു ട്രെയിൻ കയറി. അമ്മ ഇന്ദിരാദേവിയും അനിയൻ സച്ചിനും അനിയത്തി രഞ്‌ജിനിയും ഒപ്പം പോയി. ഒരു സംഗീതയാത്ര തുടങ്ങുകയായിരുന്നു. 

അക്കാലത്തു ബാലമുരളീകൃഷ്‌ണ ആന്ധ്രയിലായിരുന്നു. അതുകൊണ്ടു ഗൗരവമുള്ള സംഗീതപഠനത്തിന്റെ തുടക്കം സംഗീതസംവിധായകൻ ബി.എ. ചിദംബരനാഥിന്റെയടുത്തായി. ഒരു വർഷംകൊണ്ട് അരങ്ങേറി. പ്രേംനസീറും പി. ലീലയും ശീർകാഴി ഗോവിന്ദാരാജനുമുള്ള സദസ്സിനു മുന്നിൽ ശരത് എന്ന പതിനേഴുകാരൻ പാടിനിറഞ്ഞു. 

ഗുരു കാത്തിരിക്കുന്നുണ്ടായിരുന്നു. ആ കുഞ്ഞുസ്വരം മറക്കാതെ. പാട്ടിന്റെ ശരത്‌കാലം തുടങ്ങി. ശാന്തമായ തടാകങ്ങളും അസ്വസ്‌ഥമായ സാഗരങ്ങളും പോലെ ശരത് സംഗീതത്തിൽ നിറഞ്ഞു. ‘‘പാടുമ്പോൾ ബാലമുരളീകൃഷ്‌ണയാകാതിരിക്കണമെന്നു പലരും പറയും. പക്ഷേ, എനിക്കങ്ങനെയേ പറ്റൂ. അത് അനുകരണമൊന്നുമില്ല. അതങ്ങനെയാണ്’’ - ശരത്. 

പാട്ടിന്റെ കാര്യത്തിൽ ഇന്നുവരെ ഗുരു ശിഷ്യനോടു വഴക്കിട്ടിട്ടില്ല. ഒന്നോ രണ്ടോ വട്ടം പാടിക്കൊടുക്കും. അത്രയേയുള്ളൂ. അതിന്റെ ഉൾക്കാമ്പു നുണയാൻ ശിഷ്യനു കെൽപ്പുണ്ടെന്നു ഗുരുവിന് ഉറപ്പാണ്. അല്ലാത്തൊരാളെ അദ്ദേഹം ശിഷ്യനായി വയ്‌ക്കില്ല: അതും ഇത്രകാലം. 

ആദ്യത്തെ ആൽബം തമിഴിലായിരുന്നു - സംഗീതപ്പറവൈ. ഈണമിട്ട പാട്ടുകൾ സ്വയം പാടി. ഒപ്പം വാണി ജയറാമും. ‘‘കംപോസിങ് എനിക്കു പണ്ടേ ഭ്രമമാണ്. ‘സംഗീതപ്പറവൈ’ കേട്ട എം.എസ്. വിശ്വനാഥൻ ഗാനരചയിതാവ് വൈരമുത്തുവിനോട് എന്നെക്കുറിച്ചു പറഞ്ഞു. വൈരമുത്തുവാണു നവോദയ ജിജോയ്‌ക്കു പരിചയപ്പെടുത്തുന്നത്. ജിജോയുടെ പടത്തിന്റെ സംഗീതം നിശ്‌ചയിക്കപ്പെട്ടെങ്കിലും പടം നടന്നില്ല. നവോദയയിൽവച്ചു പരിചയപ്പെട്ട രാജീവ് കുമാറുമായി പിന്നെ കൂടുതലടുത്തു. അങ്ങനെയാണു രാജീവിന്റെ ‘ക്ഷണക്കത്ത്’ എന്ന ചിത്രത്തിൽ ആദ്യമായി സംഗീതം നൽകുന്നത്.’’ 

രാജീവും ശരത്തും തമ്മിലുള്ള ശ്രുതിസാമ്യം മലയാളത്തിന് ഒട്ടേറെ മികച്ച ഗാനങ്ങൾ നൽകി. പവിത്രം, ഒറ്റയാൾപ്പട്ടാളം, തച്ചോളി വർഗീസ് ചേകവർ, ജലമർമരം, ശേഷം തുടങ്ങിയ ചിത്രങ്ങളിൽ അവർ ഒന്നിച്ചു. സിന്ദൂരരേഖ, രുദ്രാക്ഷം, സാഗരം സാക്ഷി, ദേവദാസി, സ്‌പർശം തുടങ്ങിയ ഇരുപത്തിയഞ്ചിലേറെ മലയാളം ചിത്രങ്ങളിൽ മാത്രമാണ് 18 വർഷത്തിനിടെ ശരത് സംഗീതം മീട്ടിയത്. 

പക്ഷേ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിതങ്ങൾക്കു പശ്‌ചാത്തല സംഗീതമൊരുക്കി. അത്രയും പരസ്യചിത്രങ്ങളിലും സംഗീതം നൽകി. ‘ബൈബിൾ’ പരമ്പര, ജൂൺ ആറ് എന്ന തമിഴ് ചിത്രം. മായ, ദെജാവു തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങൾ എന്നിവയിലെ ശരത് സ്‌പർശം വേറിട്ട അനുഭവങ്ങൾ. 

തെല്ലൊരു ചിരിയോടെ റിയാലിറ്റി ഷോയിലിരിക്കുന്ന ശരത്തിനെ മാത്രമറിയാവുന്ന ശരാശരി മലയാളിക്ക്, സംഗീതത്തിന്റെ ആഴമളക്കുന്ന അദ്ദേഹത്തിന്റെ മറുഭാഗമറിയണമെന്നില്ല. അളവുകോലുകളിൽ കൃത്യത ശരത്തിനു നിർബന്ധമാണ്. പുതിയ പകിട്ടോടെ ശരത് കൂടുതൽ പെരുമ നേടുകയാണ്. തുടരെത്തുടരെ പുതിയ സിനിമകൾ വരുന്നു. ശാസ്‌ത്രീയ സംഗീതത്തിന്റെ വിവിധ പരീക്ഷണ മേഖലകളിൽ ശരത് കൂടുതൽ സജീവമാകുന്നു. പ്രശസ്‌ത സംഗീതസംവിധായകൻ കണ്ണൂർ രാജന്റെ മകളാണ് ശരത്തിന്റെ ഭാര്യ സീത. രണ്ടര വയസ്സുകാരി ദിയ ഏക മകൾ. 

Your Rating: