ഗോവിന്ദ് പി മേനോന്റെ നാഗവല്ലി റോക്ക്

കാവ്യാത്മകമായ പ്രമേയത്തെ സംവിധാന മികവിലൂടെ ഫാസിൽ അതിസുന്ദരമാക്കിയപ്പോഴാണ് മണിച്ചിത്രത്താഴ് എന്ന ചിത്രം ജനിച്ചത്. ചലച്ചിത്രത്തിലെ ഗീതങ്ങൾക്ക് കാലാതീതമായ ഈണം നൽകിയത് എം ജി രാധാകൃഷ്ണനാണ്. വാദ്യോപകരണങ്ങളിൽ അത്ഭുതം സൃഷ്ടിച്ച് പശ്ചാത്തല സംഗീതം പകർന്നത് ജോൺസൺ മാസ്റ്ററും. കാലമെത്ര കടന്നുപോയാലും ആ ഈണങ്ങളുടെ ഒരു കണിക കേട്ടാൽ മതി കാതും മനസും അവിടെ കുടുങ്ങി നിൽക്കും. തൈക്കുടം ഫെയിം ഗോവിന്ദ് പി മേനോൻ ആ മാസ്മരിക സംഗീതം തന്റെ വയലിനിലൂടെ വായിച്ചപ്പോൾ‌ ഇത്രയേറെ ശ്രദ്ധയാകർഷിച്ചതും അതുകൊണ്ടു തന്നെ. ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതത്തേയും എം ജി രാധാകൃഷ്ണൻ ചലച്ചിത്രത്തിലെ പാട്ടുകൾക്ക് നൽകിയ ഈണങ്ങളേയും കൂട്ടിച്ചേർത്താണ് ഗോവിന്ദ് വയലിൻ വായിച്ചത്. കൂടാതെ സ്വന്തം മനസിലെ സംഗീതത്തേയും വയലിൻ തന്ത്രികളിലൂടെ ആവിഷ്കരിച്ചു. എല്ലാ കൂടിച്ചേർന്നപ്പോഴുണ്ടായ നാദം ഏറെ ഹൃദ്യം.

ഒറിജിനൽ ഗാനത്തിന്റെ സൗന്ദര്യം ഒട്ടും ചോരാതെയാണ് ഗോവിന്ദ് ഈ ഗാനത്തെ റോക്ക് സ്റ്റൈലിലേക്ക് മാറ്റിയിരിക്കുന്നത്. വയലിനിൽ സംഗീതം ചിട്ടപ്പെടുത്തിയ ശേഷം കമ്പ്യൂട്ടർ സഹായത്തോടെ ഡ്രംസിന്റെയും ഗിറ്റാറിന്റെയും എഫക്റ്റ്‌ നൽകുകയായിരുന്നു. സ്വപ്നത്തിൽ തോന്നിയതനുസരിച്ചാണ് നാഗവല്ലി ചിട്ടപ്പെടുത്തിയതെന്ന് ഗോവിന്ദ് പറയുന്നു. കേവലം രണ്ടു മണിക്കൂർ കൊണ്ട് ചിട്ടപ്പെടുത്തിയ നാഗവല്ലി സൗണ്ട് ക്ലൌഡ് വഴിയാണ് ഗോവിന്ദ് ജനങ്ങളിലേക്ക് എത്തിച്ചത്. ജനുവരി 6 ണ് റിലീസ് ചെയ്ത നാഗവല്ലി ഇതിനോടകം ആയിരങ്ങൾ കേട്ട് കഴിഞ്ഞു. തൈക്കുടം ബ്രിഡ്ജിന്റെ നട്ടെല്ലായ ഗോവിന്ദ് പി മേനോൻ , ഫിഷ്‌റോക്ക് , നവരസം തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനാണ്.