ഇഗ്ഗി അസേലിയ വിവാഹിതയാകുന്നു?

കുറച്ചു നാളുകളായി ഇഗ്ഗി അസേലിയ വാർത്തകളിൽ നിറയുന്നത് തന്റെ പരിപാടികൾ റദ്ദാക്കിക്കൊണ്ടാണ്. ഇഗ്ഗി ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരുന്ന ദ ഗ്രേറ്റ് എസ്കേപ്പ് ടൂറൂം പാർട്ടികളുമെല്ലാം റദ്ദാക്കിയ ഇഗ്ഗി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് വിവാഹിതയാവാൻ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനങ്ങൾളെല്ലാം ഇഗ്ഗി ഗർഭിണിയായതുകൊണ്ടാണെന്നാണ് അമേരിക്കൻ പത്രങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താരത്തിന്റെ കാമുകനും ബാസ്ക്കറ്റ് ബോൾ കളിക്കാരൻ നിക്ക് യങ് കഴിഞ്ഞ ജൂൺ 1ന് ഇഗ്ഗിയെ പ്രെപ്പോസ് ചെയ്തത് ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്നതുകൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ താരങ്ങൾ ഈ വാർത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഞ്ച് ലക്ഷം ഡോളർ വിലയുള്ള വജ്രമോതിരം നൽകിയായിരുന്നു നിക്ക് ഇഗ്ഗിയെ പ്രെപ്പോസ് ചെയ്തത്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ് കഴിഞ്ഞത് എന്നാണ് എൻഗേജ്മെന്റ് ചിത്രം പോസ്റ്റ് ചെയ്ത് താരം പറഞ്ഞത്. അമേരിക്കൻ ബാസ്ക്കറ്റ് ബോൾ ലീഗിലെ ലോസ് ആഞ്ചലസ് ലെയ്ക്കേഴ്സിലെ താരമാണ് നിക്ക് യങ്. ഓസ്ട്രേലിയയിൽ നിന്നെത്തി അമേരിക്കൻ റാപ്പിൽ ചുവടുറപ്പിച്ച താരമായ ഇഗ്ഗി അസേലിയയെ 2013ലെ മികച്ച യുവതാരമായി ബിൽബോർഡ് തിരഞ്ഞെടുത്തിരുന്നു. ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും അധികം ആളുകൾ ഗൂഗിളിൽ തിരഞ്ഞ സംഗീതജ്ഞയും ഇഗ്ഗി അസേലിയ തന്നെ.

സംഗീതത്തിൽ ഭാഗ്യം പരീക്ഷിക്കുന്നതിനായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്ന് 16 ാം വയസിൽ അമേരിക്കയിലെത്തിയ അമത്തിസ്റ്റ് അമേലിയ കെല്ലി എന്ന ഇഗ്ഗി അസേലിയ പുസി, ടുടൈംസ് എന്നീ സംഗീത വിഡിയോകളിലൂടെയാണ് പ്രശസ്തയായത്. കഴിഞ്ഞവർഷം ആദ്യമാണ് ഇഗ്ഗി തന്റെ ആദ്യ സ്റ്റുഡിയോ ആൽബം ദ ന്യൂ ക്ലാസിക്ക് പുറത്തിറക്കുന്നത്. ദ ന്യൂക്ലാസിക്കിലെ വർക്ക്, ബൗൺസ്, ചെയ്ഞ്ച് യുവർ ലൈഫ്, ഫാൻസി തുടങ്ങിയ സിംഗിളുകൾ സൂപ്പർ ഹിറ്റുകളായിരുന്നു. പോപ്പ് താരം ബ്രിട്ട്നി സ്പിയേഴ്സുമായി ചേർന്ന് പ്രിറ്റി ഗേൾസ് എന്ന ഗാനം താരം പുറത്തിറക്കിയിരുന്നു. ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഗാനം ഇതുവരെ 6.1 കോടി ആളുകളാണ് യുട്യൂബിലൂടെ കണ്ടിരിക്കുന്നത്. രണ്ട് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, മൂന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ ഒരു എംടിവി വിഎംഎ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ഇഗ്ഗിയെ തേടി എത്തിയിട്ടുണ്ട്.