ഈ ബാഹുബലിയിൽ പാട്ടില്ല

എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പാട്ടുകളാൽ സമ്പന്നമായിരുന്നു. എന്നാൽ ചൈനയിൽ ചിത്രമെത്തിയിരിക്കുന്നത് ഒരൊറ്റ പാട്ടുപോലുമില്ലാതെയാണ്. സംവിധായകൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെയ്ജിങിൽ ബാഹുബലി പ്രദർശനത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ആദ്യമേ തന്നെ കാണിക്കൾക്ക് രാജമൗലി മുന്നറിയിപ്പ് നൽകിയത്. എന്തിനാണിങ്ങനെ ചെയ്തതെന്ന കാര്യം വ്യക്തമല്ല. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. കീരവാണിയായിരുന്നു പാട്ടുകൾക്ക് ഈണമിട്ടത്. 

ലോകമൊട്ടുക്കുള്ള തീയറ്ററുകളിൽ നിന്നായി അറുന്നൂറ് കോടിയിലേറെ രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ നേടിയത്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ തിരക്കിനിടയിലാണ് ലോകമൊട്ടുക്ക് രൗജമൗലിയുടെ സഞ്ചാരം. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുയാണ്. ഒക്ടോബറോടു കൂടി പൂർത്തിയാകുമെന്നാണ് സൂചന. അടുത്ത വർഷം ഏപ്രിൽ 17ന് ചിത്രം തീയറ്ററിലെത്തിക്കുവാനാണ് പദ്ധതിയിടുന്നത്.