നല്ല പാട്ടുകളുടെ 'ഒപ്പം'

പ്രിയദർശനും മോഹന്‍ലാലുമൊന്നിക്കുന്ന ചിത്രം, ഒപ്പത്തിലെ ഗാനങ്ങളെത്തി. ഫോർ മ്യൂസിക്സ് ഈണമിട്ട പാട്ടുകളാണെല്ലാം. ഡോ മധു വാസുദേവൻ, ബി.കെ.ഹരിനാരായണൻ, ഷാരോൺ ജോസഫ് എന്നിവരാണു പാട്ടുകളെഴുതിയത്. എംജി ശ്രീകുമാർ, ശ്രേയാ ജയദീപ്, ഹരിത ബാലകൃഷ്ണൻ എന്നിവരാണു പാട്ടുകൾ പാടിയത്. ആകെ ആറു ഗാനങ്ങളാണു ചിത്രത്തിലുള്ളത്. മോഹൻലാൽ വിമലാ രാമനൊപ്പം നൃത്തംവയ്ക്കുന്ന ഗാനമുൾപ്പെടെ ഒരുപിടി നല്ല ഈണങ്ങളുമായാണ് ഒപ്പം പ്രേക്ഷകനോടൊപ്പം കൂടാനെത്തുന്നത്. 

കിസ്മത്തിലെ നിളമണൽത്തരികളിൽ എന്ന ഗാനമൊരുക്കിയ സുമേഷ് പരമേശ്വറാണു പാട്ടുകൾ‌ക്കു ഗിത്താറും ബാസു ഒരുക്കിയത്. രാജേഷ് ചേർത്തലയാണു പുല്ലാങ്കുഴൽ. ഒ.കെ ഗോപിയുടെ നാദസ്വരവും സുനിൽ കുമാറിന്റേതാണു കൊട്ടുവാദ്യം. ഫ്രാൻസിസ് സേവ്യർ, ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഹെറാൾഡ്, ഡാന്നി, ജോസൂട്ടി എന്നിവർ ചേർന്നാണു സ്ട്രിങ്സ് കൈകാര്യം ചെയ്തത്. 

ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ വിമല രാമൻ, അനുശ്രീ, മീനാക്ഷി, നെടുമുടി വേണു, മാമുക്കോയ എന്നിവരാണു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയദർശൻ ആദ്യമായി ചെയ്യുന്ന ക്രൈം ത്രില്ലറാണിത്. മോഹൻലാൽ അന്ധനായി വേഷമിടുന്നുവെന്ന കൗതുകവും കൂടിയുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം മനോഹരമാണ്.