ഔസേപ്പച്ചൻ അഭിനേതാവാകുന്നു

മലയാള സിനിമ സംഗീതത്തിന് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള സംഗീതസംവിധായകനാണ് ഔസേപ്പച്ചൻ. മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരവും കേരളാസർക്കാറിന്റെ പുരസ്കാരവും നേടിയിട്ടുള്ള സംഗീതസംവിധായകൻ അഭിനേതാവാകുന്നു. വിശ്വനാഥൻ സംവിധാനം ചെയ്യുന്ന അപ്പവും വീഞ്ഞും എന്ന ചിത്രത്തിന് വേണ്ടിയാണ് ഔസേപ്പച്ചൻ അഭിനേതാവിന്റെ വേഷം അണിയുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്ന ഔസേപ്പച്ചൻ പ്രതാപ് പോത്തന്റെ മകൾ കെയയുമായി ചേർന്ന് ഒരു ഗാനവും ആലപിക്കുന്നുണ്ട്.

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ സണ്ണി വെയ്ൻ പാട്ടുകാരന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഔസേപ്പച്ചനേയും സണ്ണി വെയ്നെയും കൂടാതെ പ്രതാപ് പോത്തൻ, രമ്യ കൃഷ്ണൻ, ശ്വേതാമേനോൻ, ഗീതാവിജയൻ, ബാലു വർഗീസ്, ദേവി അജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സണ്ണിയുടെ കഥാപാത്രവും മധ്യവയസ്സിലെത്തിയ ദമ്പതികളും തമ്മിലുള്ള അടുപ്പമാണ് കഥയുടെ പശ്ചാത്തലം. ആര്യൻ, അനുരാഗിണി പോലുള്ള ഹിറ്റ് മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രമ്യ കൃഷ്ണന്റെ തിരിച്ചുവരവാണ് അപ്പവും വീഞ്ഞും എന്ന ചിത്രത്തിലൂടെ. ഒരേ കടലായിരുന്നു രമ്യാ കൃഷ്ണൻ മലയാളത്തിൽ അവസാനമായി അഭിനയിച്ച ചിത്രം.

ഔട്ട് ഓഫ് സിലിബസ്, ഡോക്ടർ പേഷ്യന്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിശ്വനാഥന്റെ മൂന്നാമത്തെ ചിത്രമാണ് അപ്പവും വീഞ്ഞും. വിശ്വാനാഥൻ തന്നെ തിരക്കഥ രചിക്കുന്നു ചിത്രത്തിന് സംഗീതം പകരുന്നത് ഔസേപ്പച്ചനാണ്. റഫീഖ് അഹമ്മദാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. എം.ടി.എം. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷൈൻ അഗസ്റ്റിൻ, ബെന്നി, ടി.സി. ബാബു എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.