പി സുശീലയ്ക്ക് ഗിന്നസ് റെക്കോർഡ്

ഇതിഹാസ ഗായിക പി സുശീലയ്ക്ക് ഗിന്നസ് റെക്കോർഡ്. ആറു ഭാഷകളിലായി ഏറ്റവുമധികം ഗാനങ്ങള്‍ ആലപിച്ചതോടെയാണ് ഗിന്നസ് ബുക്കിന്റെ താളുകളിൽ പ്രിയ ഗായികയും ഇടം പിടിച്ചത്. ആറു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിലൂടെ 17695 ഗാനങ്ങളാണ് സുശീലാമ്മ പാടിയത്. മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ഒറിയാ, ബംഗാളി, സംസ്കൃതം, തുളു, സിംഹളീസ് എന്നീ ഭാഷകളിലെ ഗാനങ്ങളിലാണ് സുശീലാമ്മ പാടിയിട്ടുള്ളത്. മലയാളത്തിൽ മാത്രം 916 പാട്ടുകളാണ് പ സുശീല ആലപിച്ചത്. എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പമാണ് പി സുശീല ഏറ്റവുമധികം ഡ്യുയറ്റുകള്‌ പാടിയിട്ടുള്ളത്.

1952ൽ പെറ്റ്റ തായ് എന്ന ചിത്രത്തിലൂടെയാണ് സുശീലാമ്മയുടെ അരങ്ങേറ്റം. സീതയിലെ പാട്ടുപാടിയുറക്കാം എന്ന ഗാനത്തിലൂടെയാണ് സുശീലാമ്മ മലയാളത്തിലെത്തുന്നത്. എത്ര കേട്ടാലും മതിവരാത്ത ഒരുപാടു ഗാനങ്ങള്‍, നമ്മൾ മലയാളികൾ ഈ ആന്ധ്രാപ്രദേശ്കാരിയുടെ ശബ്ദത്തിലൂടെ കേട്ടിട്ടുണ്ട്. ഭാഷയുടെ അതിരുകൾ പോലും ആസ്വാദ്യകരമാക്കുന്ന ആലാപനം. ദേവരാജൻ മാസ്റ്ററാണ് സുശീലാമ്മയുടെ ശബ്ദത്തെ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയ സംഗീത സംവിധായകന്‍.

അഞ്ച് ദേശീയ പുരസ്കാരങ്ങളും കേരളത്തിൽ നിന്നുള്ള രണ്ട് സംസ്ഥാന അവാർഡുകളുമടക്കം നിരവധി അംഗീകാരങ്ങൾ ഇക്കാലത്തിനിടയിൽ ഈ ഗായിക തേടിച്ചെന്നു. 2008ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.