പത്തേമാരിയിലെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി

പ്രവാസത്തിലേയ്ക്കുള്ള യാത്രയുടെ ദുരിതവുമായി പത്തേമാരിയിലെ ടൈറ്റിൽ ഗാനം പത്തേമാരി പുറത്തിറങ്ങി. 1980 കലാഘട്ടത്തിൽ ജീവിതം പച്ചപിടിപ്പിക്കാനായി പത്തേമാരിയിൽ ഗൾഫിലേക്ക് പുറപ്പെടുന്ന ചെറുപ്പക്കാരാണ് ഗാനത്തിന്റെ ഇതിവൃത്തം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകിയിരിക്കുന്നു. ഷെഹബാസ് അമനാണ് ഗാനം ആലപിച്ചത്.

അമ്പതാണ്ട് നീണ്ട മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ ചിരിത്രം അടയാളപ്പെടുത്തുന്ന ചിത്രമാണ് പത്തേമാരി. പള്ളിക്കൽ നാരായണന്റെ 1980 മുതല്‍ 2015 വരെയുള്ള കാലഘട്ടങ്ങളിലൂടെയാണ് പത്തേമാരി കടന്നു പോകുന്നത്. പള്ളിക്കൽ നാരായണനായി മമ്മൂട്ടിയെത്തുന്നു. ജ്യൂവല്‍ മേരിയാണ് നായിക. നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ധിഖിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് പത്തേമാരി. മമ്മൂട്ടിയുടെ മകനായിട്ടാണ് ഷഹീന്‍ പ്രത്യക്ഷപ്പെടുന്നത്.

സിദ്ധിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലചന്ദ്ര മേനോന്‍, ശ്രീനിവാസന്‍, സലിം കുമാര്‍, ജോയ് മാത്യു, യവനിക ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.

ആദാമിന്റെ മകന്‍ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡുകളടക്കം ഒട്ടേറെ പ്രധാന പുരസ്കാരങ്ങള്‍ നേടിയ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പത്തേമാരി. അലന്‍സ് മീഡിയയുടെ ബാനറില്‍ ടികെ ആഷിഖും ടിപി സുധീഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഉടൻ തിയറ്ററുകളിലെത്തും.