ഹാപ്പിയാകാൻ ഫ്രീഡമെത്തുന്നു

ഹാപ്പി എന്ന ഗാനത്തിലൂടെ ലോകത്തെ ഇളക്കിമറിച്ച അമേരിക്കൻ ഗായകൻ ഫരലൽ വില്യംസിന്റെ പുതിയ സിംഗിൾ ഫ്രീഡം ജൂൺ മുപ്പതിനെത്തും. ഗാനത്തിന്റെ ടീസർ പോസ്റ്റ് ചെയ്ത് താരം തന്നെ തന്റെ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിലൂടെ പറഞ്ഞതാണീ കാര്യം. ആപ്പിൾ മ്യൂസിക്കിലൂടെ എക്സ്ക്ലൂസിവായിട്ടാണ് ഗാനം പുറത്തിറക്കുന്നതെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.

അമേരിക്കൻ ഗായകനും, റാപ്പറും, റിക്കോർഡ് പ്രൊഡ്യൂസറും, ഫാഷൻ ഡിസൈനറുമാണ് ഫാരലൽ വില്യംസ്. 2003 ൽ പുറത്തിറക്കിയ ആദ്യ ഗാനത്തിലൂടെയാണ് വില്യംസ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2006 ൽ ആദ്യ ആൽബം ഇൻ മൈ മൈന്റും പുറത്തിറക്കി. വില്യംസിന്റെ രണ്ടാമത്തെ ആൽബം ഗേൾ പുറത്തിറങ്ങുന്നത് 2014ലാണ്. ഗേളിലെ ഹാപ്പി എന്ന ഗാനം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.

ഫാരലൽ വില്യംസിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ഹാപ്പി. യുകെ, യുഎസ്, ഓസ്ട്രേലിയ, കാനഡ തുടങ്ങി നിരവധി രാജ്യങ്ങളുടെ ഹിറ്റ് ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തിയ ഹാപ്പിയുടെ വിജയം ആവർത്തിക്കാനാണ് വില്യംസ് ഫ്രീഡത്തിലൂടെ ശ്രമിക്കുന്നത്.