ഫാരലൽ വില്യംസ് ഫാഷൻ ഐക്കൺ ഓഫ് ദ ഇയർ

അമേരിക്കൻ ഗായകൻ ഫാരലൽ വില്യംസിനെ ഫാഷൻ ഐക്കൺ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്സ് അമേരിക്കയാണ് ഫാരലൽ വില്യംസിനെ ഫാഷൻ ഐക്കൺ ഓഫ് ദ ഇയർ 2015 ആയി തിരഞ്ഞെടുത്തത്. സി എഫ് ഡി എ, പ്രസിഡന്റ് ഡാനി വോൺ ഫുസ്റ്റൻബർഗ് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. വേറിട്ട വസ്ത്രധാരണ ശൈലിയും പുതുമയുള്ള വസ്ത്രങ്ങളും അതിന് ഇണങ്ങുന്ന അക്സസറീസുമായിട്ടാണ് ഫാരലൽ വില്യംസ് വേദികളിൽ പ്രത്യക്ഷപ്പെടാറ്, നിലവിൽ ഏറ്റവും സ്റ്റൈലിഷായി, ഫാഷനബിളായി നടക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും സ്വന്തമായി ഒരു ശൈലി തന്നെ അദ്ദേഹത്തിനുണ്ട് അതുകൊണ്ട് തന്നെ ഈ വർഷത്തെ ടൈറ്റലിന് ഏറ്റവും യോജിച്ച വ്യക്തിയാണ് ഫാരലൽ വില്യംസ്.

തങ്ങളുടെ സ്റ്റൈലുകൊണ്ട് ലോകത്തിലെ ഫാഷനെ സ്വാധീനിക്കുന്നവർക്ക് നൽകുന്ന ടൈറ്റിലാണ് ഫാഷൻ ഐക്കൺ ഓഫ് ദ ഇയർ. കഴിഞ്ഞ വർഷത്തെ ഫാഷൻ ഐക്കൺ ഓഫ് ദ ഇയർ പോപ്പ് താരം റിയാന്നയായിരുന്നു അതിനുമുമ്പ് പാട്ടുകാരിയായ ലേഡി ഗാഗ, അഭിനേതാവ് ജോണി ഡപ്പ്, നിക്കോൾ കിഡ്മാൻ എന്നിവർക്കും ടൈറ്റിൽ ലഭിച്ചിട്ടുണ്ട്.

ഗായകൻ മാത്രല്ല ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് ഫാരലൽ വില്യംസ്, നിരവധി വസ്ത്രങ്ങൾ ഡിസൈൻ ചെയിട്ടുള്ള വില്യസിന്റെ തൊപ്പികളുടെ ഡിസൈൻ വളരെ പ്രശസ്തമാണ്. 56–ാമത് ഗ്രാമി പുരസ്കാര ദാനചടങ്ങിൽ വില്യംസ് ധരിച്ച തൊപ്പി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബില്ല്യണയർ ബോയ് ക്ലബ്, ഐസ്ക്രീം ഫുട്ട് വെയേസ് എന്നിങ്ങനെ ഡിസൈനർ ബ്രാൻഡുകൾ ഫാരലൽ വില്യംസിന് സ്വന്തമായുണ്ട്.

അമേരിക്കൻ റാപ്പറും, ഗായകനും, പാട്ടെഴുത്തുകാരനുമായ ഫാരലൽ വില്യംസ് 2003 ൽ പുറത്തിറക്കിയ ആദ്യ ഗാനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2006 ൽ ആദ്യ ആൽബം ഇൻ മൈ മൈന്റും പുറത്തിറക്കി. വില്യംസിന്റെ രണ്ടാമത്തെ ആൽബം ഗേൾ പുറത്തിറങ്ങുന്നത് 2014ലാണ്. ഗേളിലെ ഹാപ്പി എന്ന ഗാനം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു.