പാട്ടിൽ ‘പുലി’യാകാൻ വീണ്ടും വിജയ്

സൂപ്പർ താരം വിജയ് ആരാധകർക്ക് നിരാശ പകർന്നുകൊണ്ടാണ് പുലിയിൽ ഇളയദളപതി പാടാൻ സാധ്യതയില്ലെന്ന വാർത്തകൾ പുറത്ത് വന്നത്. ഷൂട്ടിങും ഡബ്ബിങും കഴിഞ്ഞ് താരം വിദേശത്ത് അവധിക്കാലം ചിലവഴിക്കാൻ പോകുന്നതുകൊണ്ട് ഗാനം ആലപിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു നേരത്തെയുള്ള വാർത്തകൾ. എന്നാൽ ഇളയദളപതി ആരാധകർക്ക് സന്തോഷത്തിനുള്ള വക നൽകിക്കൊണ്ടാണ് ചിത്രത്തിനായി വിജയ് പാടി എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്.

വൈര്യമുത്തുവിന്റെ വരികൾക്ക് ദേവി ശ്രീപ്രസാദാണ് ഈണം നൽകിയിരിക്കുന്നത്. ഡ്യുവറ്റ് ഗാനമാണ് താരം പാടിയിരിക്കുന്നതെന്നും ഗാനത്തിന്റെ സ്ത്രീ ശബ്ദത്തെ ഇതുവരെ തീരുമാനിച്ചില്ലെന്നുമാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പുറത്തു വിടുന്ന വിവരങ്ങൾ. ഇംസൈ അരശാൻ ഇരുപത്തിമൂന്നാം പുലികേശി, ഇരുമ്പുകോട്ടൈ മുരട്ടുസിംഗം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ചിമ്പുദേവൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് പുലി. ചൈനീസ് സ്റ്റണ്ട് കൊറിയോഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത് എന്നുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

ഇളയദളപതി ഇരട്ടവേഷത്തിലെത്തുന്ന ഫാന്റസി കോമഡി ത്രില്ലറായ ചിത്രത്തിൽ വിജയ് കൂടാതെ പ്രഭു, സുധീപ്, ശ്രീദേവി, ശ്രുതി ഹാസൻ, ഹൻസിക മോട്ട്വാനി, നന്ദിത, വിജയ് കുമാർ, തമ്പി രാമയ്യ, ആടുകളം നരേൻ, ഇമാൻ അണ്ണാച്ചി, റോംബോ ശങ്കർ, ജാസ്പർ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീദേവി തമിഴിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പുലി. ചിമ്പുദേവൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. എസ് കെ ടി സ്റ്റുഡിയോയുടെ ബാനറിൽ ഷിബു തമീൻസും പിടി ശെൽവകുമാറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തും.