Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാകേന്ദു: കുളിർമഴയായി പി ഭാസ്കരൻ അനുസ്മരണം

Ragendu

പി ഭാസ്കരൻ മാഷിന്റെ ഓർമകളിലും ഗാനങ്ങളിലും നിറഞ്ഞ് രാകേന്ദു സംഗീത പരിപാടി സംഗീത പ്രേമികളിൽ പെയ്തിറങ്ങി. ഏപ്രിൽ 9 വ്യാഴാഴ്ച വൈകുന്നേരം കോട്ടയം സി എം എസ് കോളജിൽ നടന്ന അനുസ്മരണം കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ മാഷ് നമ്മുടെ സംഗീത ചരിത്രത്തിന്റെ മാത്രമല്ല. നമ്മുടെ സാഹിത്യ, സാമൂഹിക, വിപ്ലവ ചരിത്രങ്ങളുടെ കൂടി ഭാഗമാണെന്ന് ഓർമിപ്പിച്ച് നടന്ന സന്ധ്യയിൽ ആലംങ്കോട് ലീലാ ക്രിഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നിങ്ങൾക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നെങ്കിൽ ഭാസ്കരൻ മാഷിന്റെ മധുരതരമായ ഗാനങ്ങൾ ശ്രവിക്കൂ. നിങ്ങളുടെ മനസ്സ് മാറുമെന്ന് പറഞ്ഞ ചടങ്ങിൽ ഭാസ്കരൻ മാഷിന്റെ ഗാനങ്ങളുടെ അവതരണവും ഉണ്ടായി. സ്വതന്ത്രസമര സേനാനി കൂടിയായിരുന്ന ഭാസ്കരൻ മാഷിന്റെ ബ്രിട്ടിഷ് സർക്കാർ നിരോധിച്ച മാപ്പിള പാട്ടിന്റെ താളത്തിലുള്ള വിപ്ലവഗാനവും അദ്ദേഹത്തിന്റെ കവിതകളുമെല്ലാം അവതരിപ്പിച്ചത് സദസ്സിന് നവ്യമായ അനുഭവം പകർന്നു നൽകി.

അനുസ്മരണ ചടങ്ങിൽ എംഎൽഎമാരായ കെ.സുരേഷ്കുറുപ്പ്, മോൻസ് ജോസഫ്, നഗരസഭാധ്യക്ഷൻ കെ.ആർ.ജി വാരിയർ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ജോഷി മാത്യു, വി.ടി മുരളി, ആലങ്കോട് ലീലാകൃഷ്ണൻ, സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ.റോയ് സാം ഡാനിയേൽ, സി.കെ. ജീവൻ സ്മാരക ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ഡിജോ കാപ്പൻ, സെക്രട്ടറി കുര്യൻ തോമസ് കരിമ്പനത്തറയിൽ, വൈസ് പ്രസിഡന്റ് വി.ബി.ബിനു എന്നിവർ പങ്കെടുത്തു. കേരള ചലച്ചിത്ര അക്കാദമിയും സി.കെ. ജീവൻസ്മാരക ട്രസ്റ്റും സിഎംഎസ് കോളജും ചേർന്നു നടത്തുന്ന രാകേന്ദു സംഗീത പരിപാടിയിൽ ഇന്നു യൂസഫലി കേച്ചേരി സായാഹ്നം നടക്കും. കോട്ടയം ആത്മയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത പരിപാടി വൈകിട്ട് അഞ്ചിനു മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. രാഹുൽ ലക്ഷ്മൺ, ലീലാ ജോസഫ് എന്നിവർ പരിപാടികൾ അവതരിപ്പിക്കും.

ഏപ്രിൽ 11 ശനിയാഴ്ച നടക്കുന്ന ശ്രീകുമാരൻ തമ്പിയുടെ 75-ാം ജന്മദിനാഘോഷങ്ങൾ ചലച്ചിത്ര-വനം-കായിക-ട്രാൻസ്പോർട്ട് വകുപ്പുമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കലാരത്ന ആർട്ടിസ്റ്റ് സുജാതനെ ചടങ്ങിൽ ആദരിക്കും. തിരക്കഥാകൃത്ത് ജോൺ പോൾ മുഖ്യ പ്രഭാഷണം നടത്തും. ഡോ. സുരേഷ് മണിമല അവതരിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി ഗാനസന്ധ്യയിൽ (ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം) ചിത്ര അരുൺ, റീന മുരളി എന്നിവരും പങ്കെടുക്കും. ഏപ്രിൽ 12 ഞായറാഴ്ച 4.30ന് നടക്കുന്ന പത്മഭൂഷൻ ഡോ. കെ.ജെ യേശുദാസിന്റെ 75-ാം ജന്മദിനാഘോഷങ്ങൾ സി പി ഐ (എം) പോളിറ്റ് ബ്യൂറോ മെമ്പർ എം.എ ബേബി ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യാൻ മുഖ്യാതിഥിയായിരിക്കും.

കഴിഞ്ഞ തലമുറയിലെ പ്രശസ്തനായ സംഗീതജ്ഞൻ കെ. പി. എ.സി ജോൺസൺ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. മാധ്യമപ്രവർത്തകനും നിരൂപകനുമായ രവി മേനോൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് തരാനാ ദി മെലഡി ബാൻഡ് ബൈ ദേവദാസ് അവതരിപ്പിക്കുന്ന യേശുദാസ് ഗാനസന്ധ്യയിൽ (ഗന്ധർവ പൗർണമി), അനൂപ് മേനോൻ, പി സി ജോജി, ലീലാ ജോസഫ്, ജ്യോതി മേനോൻ എന്നിവരും പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.