രഘുപതി രാഘവരാജാറാമിന് പുതുജനനം

ലോകപ്രശസ്ത സരോദ് വാദ്യകനാണ് ഉസ്താദ് അംജദ്‌ അലിഖാൻ. സരോദിന്റെ നാദം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച സംഗീതജ്ഞനായ അംജദ് അലിഖാൻ രഘുപതി രാഘവരാജറാം എന്ന ബജനയ്ക്ക് പുതിയ മുഖം നൽകിയിരിക്കുകയാണ്. മഹാത്മഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട രഘുപതി രാഘവ രാജാറാം എന്ന ബജൻ സരോദിന്റെ നാദത്തിലാണ് അംജദ് അലിഖാൻ പുറത്തിറക്കിയിരിക്കുന്നത്.

മഹാത്മ ഗാന്ധിയുടെ 146-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് അംജദ് അലിഖാൻ ഗാനം പുറത്തിറക്കിയിരിക്കുന്നത്. അംജദ് അലിഖാൻ, മക്കളും സരോദ് വാദ്യകരുമായ അമാൻ അലിഖാൻ, അയാന്‍ അലിഖാൻ എന്നിവരുമായി ചേർന്നാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗാന്ധിജിയോടുള്ള ആദരവ് കാണിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ ആൽബത്തിൽ അദ്ദേഹം പറഞ്ഞ പ്രശസ്ത വാക്യങ്ങളും ഉപയോഗിക്കുന്നുണ്ട്.

ലക്ഷ്മണാചാര്യ രചിച്ച ശ്രീ നമ രാമായണം എന്ന കൃതിയിലേതാണ് രഘുപതി രാഘവ രാജാറാം എന്ന ബജൻ. വിഷ്ണു ദിഗംബർ പുലസ്കർ ഈണം നൽകി ഗാന്ധിജി നയിച്ച ദണ്ഡിയാത്രക്ക് വേണ്ടി ഉപയോഗിച്ചതോടെയാണ് രഘുപതി രാഘവ രാജാറാം എന്ന ഗാനം പ്രശസ്തമാകുന്നത്.