റഹ്മാൻ ഘർവാപസി നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ഫത് വ പ്രഖ്യാപനമുണ്ടായതിനാൽ സംഗീതജ്ഞൻ എ ആർ റഹ്മാൻ ഘർവാപസി നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. പ്രവാചകന്റെ കഥ പ്രമേയമാക്കുന്ന ഇറാനിയൻ സിനിമയ്ക്ക് സംഗീതം നൽകിയതിന് ഒരു മുസ്ലീം സംഘടന പ്രഖ്യാപിച്ച ഫത് വ നിർഭാഗ്യകരമാണെന്നും റഹ്മാൻ തന്റെ പഴയവിശ്വാസത്തിലേക്ക് മടങ്ങിവരണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്ലിം സംഘടനയാണ് റഹ്മാനെതിരെയും സിനിമയുടെ സംവിധായകനായ മജീദി മജീദിക്കെതിരെയും ഫത് വ പുറപ്പെടുവിച്ചത്. സിനിമ ഇന്ത്യയിൽ നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.

ഒരു സിനിമിയുടെ സംഗീതം ഒരിക്കലും ഒരു മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ഫത് വ പ്രഖ്യാപിച്ചത് മാത്രമല്ല, അതിനെതിരെ സംഘടന ഉപയോഗിച്ച ഭാഷയും വളരെ മോശമായി പോയെന്നും വിശ്വഹിന്ദുപരിഷത്ത് നേതാവ് സുരേന്ദ്ര ജെയ്ൻ പറഞ്ഞു. കച്ചവട താൽപര്യങ്ങൾ മൂലമാണ് എ ആർ റഹ്മാനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. റഹ്മാൻ തിരികെ വരണമെന്നും റഹ്മാനെ സ്വീകരിക്കാൻ രണ്ടുകൈയ്യും നീട്ടി വിശ്വാസികൾ തയ്യാറാണെന്നും വിഎച്ച്പി നേതാവ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് റഹ്മാനെതിരെ ഫത് വ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ ഡൽഹിയിൽ നിന്നുള്ള പരിപാടിയിൽ നിന്നും റഹ്മാൻ പിൻമാറിയിരുന്നെങ്കിലും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ആദരിക്കുന്നുവെന്നും അപകീർത്തിപ്പെടുത്താനുള്ള യാതൊരുദ്ദേശവും തനിക്കില്ലായിരുന്നെന്നും റഹ്മാൻ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

ഖുറാനിലെ സൂക്തം ഉദ്ദരിച്ചു കൊണ്ടാണ് റഹ്മാൻറെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. ’ഈ സിനിമയുടെ സംഗീതസംവിധാനം മാത്രമാണു ഞാൻ നിർവഹിച്ചിരിക്കുന്നത്. ഇതിൽ നിന്നും എനിക്കു ലഭിച്ച ആത്മീയ ആനന്ദം തികച്ചും വ്യക്തിപരമാണ്. അതു മറ്റുള്ളവരുമായി പങ്കുവയക്കുവാൻ ‍ഞാൻ ആഗ്രഹിക്കുന്നില്ല.’ റഹ്മാൻ തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. ലോകമെമ്പാടും കഷ്ടതയനുഭവിക്കുന്നവർക്കു വേണ്ടിയും വസിക്കുന്ന രാജ്യത്തിനു വേണ്ടിയും അള്ളാഹുവിന്റെ ദയയ്ക്കായും പ്രാർഥിക്കാം എന്നു പറഞ്ഞു കൊണ്ടാണ് റഹ്മാൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.