ഇറാനിയൻ ചിത്രത്തിന് റഹ്മാന്റെ സംഗീതം

എആർ റഹ്മാനും പ്രശസ്ത സംവിധായകൻ മജീദി മജീദിയും ഒരുമിക്കുന്ന ചിത്രം മുഹമ്മദിലെ യാ മുഹമ്മദ് എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ മെയ്ക്കിങ് രംഗങ്ങളാണ് യാ മുഹമ്മദ് എന്ന ഗാനത്തിലൂടെ കാണിക്കുന്നത്. ചിൽഡ്രൻ ഓഫ് ഹെവൻ, ദ കളർ ഓഫ് പാരഡൈസ്, ദ വില്ലോ ട്രീ, ദ സോങ് ഓഫ് സ്പാരോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഇറാനിയൻ സിനിമയെ ലോകത്തിന് മുന്നിൽ എത്തിച്ച പ്രശസ്ത സംവിധായകൻ മജീദി മജീദി ചിത്രമായ മുഹമ്മദ്, പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചാണ് പറയുന്നത്.

ഏകദേശം 200 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ചിത്രം പ്രവാചകന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളുടെ കഥ പറയുന്നു. ഇറാനിൽ നിന്ന് ഏറ്റവും അധികം പണം മുടക്കി നിർമ്മിക്കുന്ന ചിത്രമാണ് മുഹമ്മദ്. എ ആർ റഹ്മാന്റേയും ഹോളിവുഡിലെ പ്രശസ്ത സാങ്കേതിക വിദഗ്ദരുടേയും സാന്നിധ്യമുള്ള ചിത്രത്തിന്റെ ട്രെയ്ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയൽ ഫജർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ചിത്രം പ്രദർശിപ്പിക്കാനിരുന്നതാണെങ്കിലും സാങ്കേതിക കാരങ്ങളാണ് പ്രദർശനം നടന്നിരുന്നില്ല. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകർക്കായി പ്രദർശനം നടത്തിയ ചിത്രം ഈ വർഷം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

എ ആർ റഹ്മാനും ഇസ്ലാം ലോകത്തെ അതിപ്രശസ്ത ഗായകൻ സമി യൂസഫും ചിത്രത്തിനായി ഒന്നിച്ചു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സമി യൂസഫുമായി ചേർന്ന് ഗാനം ചിട്ടപ്പെടുന്ന ചിത്രം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് റഹ്മാൻ ഇരുവരും ഒന്നിക്കുന്നതിന്റെ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്ത് വർഷമായി സമിയുമായി സൗഹൃദത്തിലാണെങ്കിലും സംഗീതത്തിനായി ആദ്യമായാണ് ഒരുമിക്കുന്നതെന്നും റഹ്മാൻ എഫ് ബി യിൽ കുറിച്ചിരുന്നു.

മുമ്പ് പ്രഗത്ഭരായ കലാകാരൻമാരുടെ കൂടെ റഹ്മാൻ ഒന്നിച്ചപ്പോൾ മനോഹരമായ ഗാനങ്ങളായിരുന്നു പിറന്നത്. സമി യൂസഫുമായി ഒന്നിക്കുമ്പോഴും അതിമനോഹരമായ ഗാനങ്ങളാണ് ലഭിക്കുക എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.