പശ്ചാത്തലത്തിൽ മുഴങ്ങിയ രാജസംഗീതം

രാജാമണി മകനും സംഗീത സംവിധായകനുമായ അച്ചു രാജാമണിക്കൊപ്പം.

ചെന്നൈ ∙ വീട്ടിൽനിന്നു തന്നെ കൈവന്ന സൗഭാഗ്യമായിരുന്നു രാജാമണിക്കു സംഗീതം. തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു മുത്തച്ഛൻ അരുണാചലംപിള്ള. പിതാവ് ചിദംബരനാഥ് ആകട്ടെ മലയാളത്തിലെ ആദ്യകാല സംഗീത സംവിധായകനും.

വൈക്കം സ്വദേശിയായ ചിദംബരനാഥ് പഴയ തിരുവിതാംകൂർ റേഡിയോയിൽ വയലിനിസ്റ്റായിരുന്നു. അമ്മ തുളസി കോഴിക്കോട് ആകാശവാണി ജീവനക്കാരിയും. 1956ലായിരുന്നു രാജാമണിയുടെ ജനനം. ബാല്യം കോഴിക്കോട്ട്. ചെന്നൈ മലയാള സിനിമയുടെ തറവാടായിരുന്ന കാലത്താണു ചിദംബരനാഥ് വണ്ടികയറിയത്. സിനിമകളിലും ഗാനമേളകളിലും പ്രവർത്തിച്ച ചിദംബരനാഥിന്റെ പിന്തുടർച്ചക്കാരനായി പിന്നീട് രാജാമണി.

പന്ത്രണ്ടാം വയസ്സിൽ സംഗീതം പഠിച്ചുതുടങ്ങി. വായ്പ്പാട്ടും കർണാടക സംഗീതവും പിതാവ് തന്നെയാണു പഠിപ്പിച്ചത്. 11–ാം ക്ളാസിൽ എത്തിയപ്പോൾ പാശ്ചാത്യസംഗീതവും പരിശീലിക്കാൻ തുടങ്ങി. കുറച്ചുകാലം ഗൾഫിൽ ജോലി ചെയ്ത ശേഷമാണു തിരിച്ചെത്തി ജോൺസൺ മാസ്റ്ററുടെ കീഴിൽ സംഗീതപഠനം തുടർന്നത്. മ്യൂസിക് കണ്ടക്ടിങ് പഠിക്കാൻ നിർദേശിച്ചതും ജോൺസനാണ്. രണ്ടു തമിഴ് സിനിമകൾക്ക് പശ്ചാത്തല സംഗീതം നൽകിയായിരുന്നു തുടക്കം. പിന്നെ ‘നുള്ളി നോവിക്കാതെ’ എന്ന സിനിമയിലൂടെ ഗാന സംഗീത സംവിധാനത്തിലേക്കും.

ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നെങ്കിലും രാജാമണി തിരഞ്ഞെടുത്തത് പശ്ചാത്തലസംഗീതമാണ്. പിൽക്കാലത്ത് ആ മേഖലയിൽ ഒന്നാമൻ തന്നെയായി. ഒരുകാലത്ത് പശ്ചാത്തല സംഗീതത്തിന് എല്ലാ സംവിധായകരും തേടിയിരുന്നത് രാജമണിയെയാണ്. ‘പശ്ചാത്തലം രാജാമണി’ എന്നുപോലും വിളിക്കപ്പെട്ടു. ചെന്നൈയിലും ബെംഗളൂരുവിലും ഹൈദരാബാദിലും ഓടിനടന്നു പശ്ചാത്തലസംഗീതം നൽകി.

എ.ആർ.റഹ്മാൻ ഉൾപ്പട‌െ പ്രമുഖ ഗായകർ അണിനിരന്ന ആയിരക്കണക്കിന് ഗാനമേളാ വേദികളിൽ മ്യൂസിക് കണ്ടക്ടറായും തിളങ്ങി. രാജ്യാന്തര പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പം പ്രവർത്തിച്ചു. സംഗീതത്തിന്റെ പിന്തുടർച്ച മകൻ അച്ചുവിനെ ഏൽപിച്ച് ഒടുവിലിതാ രാജാമണി യാത്രയായിരിക്കുന്നു.