എനിക്കദ്ദേഹം സംഗീതജ്ഞൻ മാത്രമായിരുന്നില്ല...

അവിചാരിതമായ മരണ വാർത്തകളിൽ മലയാളി കേട്ട മറ്റൊരു പേര്. രാജാമണി. പശ്ചാത്തല സംഗീതത്തിന്റെ രാജകിരീടം കൈയിലേന്തിയിരുന്ന സംഗീതജ്ഞനാണ് രാജാമണി. പാട്ടുകൾക്ക് ഈണമിട്ടതിനേക്കാളുമിരട്ടി പശ്ചാത്തല സംഗീതമൊരുക്കി അദ്ദേഹം. മലയാളത്തിലെ സൂപ്പർ ഹിറ്റായ പല ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കിയതും രാജാമണി തന്നെ. സിനിമയിലെ നായകന്‍മാരുടെ കഥാപാത്രങ്ങളെ ഓർമിക്കും പോലെ ആരാധിക്കും ഈ ഈണങ്ങളേയും. രാജാമണി കടന്നുപോയ വേളയിൽ, മലയാളത്തിൽ അദ്ദേഹം ഏറ്റവും കൂടുതൽ പശ്ചാത്തല സംഗീതമൊരുക്കിയ ചിത്രങ്ങളുടെ സംവിധായകൻ ഷാജീ കൈലാസ് സംസാരിക്കുന്നു...

എന്നേക്കാൾ ഒരുപാട് വയസിന് മുതിർന്നയാളാണ് അദ്ദേഹം. എന്നാലും ഞാൻ എടാ പോടാ എന്നൊക്കെ വിളിക്കുമായിരുന്നു. അറുപത് വർഷമേ ജീവിച്ചുള്ളൂ. അതിൽ മുപ്പതുകൊല്ലവും എന്റെ ഉറ്റ ചങ്ങാതിയായിരുന്നു. വല്യച്ഛന്റെ സ്ഥാനമായിരുന്നു ഞാൻ അദ്ദേഹത്തിന് നൽകിയിരുന്നത്. മൂത്ത മകന്റെ കല്യാണം നടത്തിക്കൊടുക്കാൻ എന്നെയാണ് ഏൽപ്പിച്ചത്. അത്രയേറെ അടുപ്പവും സ്നേഹവും ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഇത് വ്യക്തി ബന്ധം.

ചലച്ചിത്ര ലോകത്തേക്ക് വരികയാണെങ്കിൽ സൗഹൃദത്തിന്റെ വിശ്വാസവും സ്നേഹവും അവിടെയുമുണ്ടായിരുന്നു. പശ്ചാത്തല സംഗീതത്തെ കുറിച്ച് നമുക്കൊരു പേടിയും വേണ്ട. അദ്ദേഹത്തിന്റെ കയ്യിലേൽപ്പിക്കാൻ എനിക്കെപ്പോഴും ആത്മവിശ്വാസമുണ്ടായിരുന്നു. ഏറ്റവും മനോഹരമായ, ആകർഷണീയമായ സംഗീതം തന്നെയാകും എനിക്ക് തിരികെ കിട്ടുകയെന്ന് ഉറപ്പുണ്ടായിരുന്നു. തീം മ്യൂസിക് ചെയ്യാൻ വേണ്ടി മാത്രം നമ്മൾ അദ്ദേഹത്തിന്റെ കൂടെയിരുന്നാൽ മതി. അത്രയ്ക്ക് വലിയ പ്രതിഭയായിരുന്നു.

വ്യക്തിപരമായി നന്മയുള്ളയാൾ. ആരെ സഹായിക്കാനും ഒരു മടിയുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെന്നറിഞ്ഞാൽ ജുബ്ബയിലെ പോക്കറ്റിനുള്ളിൽ എത്രയുണ്ടോ അതെടുത്തു കൊടുക്കും. സൽക്കാരപ്രിയനുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യക്ക് ഭക്ഷണമുണ്ടാക്കാനേ സമയമുണ്ടായിരുന്നുള്ളൂ എന്നു പറഞ്ഞാലും തെറ്റില്ല. വിശന്ന് വരുന്നവർ ഒന്നും കിട്ടാതെ തന്റെ മുന്നിൽ നിന്ന് മടങ്ങരുതെന്ന ചിന്ത. കൊച്ചിയിലേക്ക് താമസം മാറണമെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. ഇവിടെ വീടൊക്കെ എടുത്തിരുന്നതാണ്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ തുടരുന്നതാണ് നല്ലതെന്ന് ഞാനെപ്പോഴും പറയുമായിരുന്നു. പക്ഷേ വളരെ പെട്ടെന്ന് അദ്ദേഹം കടന്നുപോയി...